Connect with us

Gulf

അമിതമായാല്‍ ക്രിക്കറ്റും വിഷം

Published

|

Last Updated

ലോക കായിക മത്സരങ്ങള്‍ എവിടെയാണെങ്കിലും ഗള്‍ഫ് മലയാളിയുടെ ദിനചര്യകള്‍ക്ക് മാറ്റം വരും. ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ ഗള്‍ഫ് മലയാളികള്‍ വൈകിയാണ് ഉറങ്ങിയത്. രാത്രിയായിരുന്നു മിക്ക കളികളും. തത്സമയം ടെലിവിഷന്‍ ചാനലിലൂടെ കളികാണാന്‍ ഉറക്കമൊഴിക്കണം. മിക്ക ബാച്ചിലേര്‍സ് റൂമുകളിലും പുലര്‍ച്ചെയോളം വിളക്ക് കെട്ടിരുന്നില്ല. ഓരോ കളി കഴിയുമ്പോഴും രസകരമായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രവഹിച്ചു. ഒടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട ബ്രസീല്‍ തോറ്റപ്പോള്‍ പലര്‍ക്കും ഉറക്കം വന്നതേയില്ല. ചില രസികന്‍മാര്‍ ഞൊടിയിടയില്‍ പാരഡികളും തമാശക്കഥകളുമായി സങ്കടം കുടഞ്ഞുകളയാന്‍ ശ്രമിച്ചു. ബ്രസീലിന്റെ വലയില്‍ ജര്‍മനി ഗോള്‍ നിറച്ചതില്‍ മനം നൊന്ത് “ഇങ്ങിനെയൊക്കെ ചെയ്യാമോ, ഞങ്ങടെ നാട്ടിലെ കളിയല്ലേ,” എന്ന പാരഡിയുമായി വാട്‌സ് ആപില്‍ രമിച്ചു.
ഇനി ക്രിക്കറ്റ് ലോകകപ്പിന്റെ കാലമാണ്. ക്രിക്കറ്റും മലയാളിക്ക് പ്രിയപ്പെട്ടത് തന്നെ. യു എ ഇ സമയം പുലര്‍ച്ചെയാണ് മിക്ക കളികളും. നാളെ (ഞായര്‍) അഡ്‌ലൈഡില്‍ ഇന്ത്യയും പാക്കിസ്ഥാനും രാവിലെ 7.30നാണ് (അവിടെ വൈകുന്നേരം 3.30ന്) ഏറ്റുമുട്ടുന്നത് എന്ന സമാധാനമുണ്ട്. എന്നാലും, രാവിലെ വൈകി എണീക്കുന്നവര്‍ നേരത്തെ ഉറക്കമുണരും. അതിരാവിലെ ഓഫീസിലെത്തുന്നവര്‍ക്ക് മനഃസമാധാനം കുറവായിരിക്കും. ജോലിക്കിടയില്‍ സ്‌കോര്‍ നില അറിയാനുള്ള വെപ്രാളം സ്വാഭാവികം.
സാമൂഹിക മാധ്യമങ്ങളുടെ കാലമായതിനാല്‍ ടെലിവിഷന്‍ കാണാന്‍ സൗകര്യമില്ലാത്തവര്‍ക്കും സ്‌കോര്‍ അറിയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വാഹനം ഓടിക്കുന്നവര്‍ക്ക് റേഡിയോ സ്റ്റേഷനുകള്‍ വിശദവിവരങ്ങളും വിശകലനങ്ങളുമായി വേറെ.
ഇന്ത്യ രണ്ടാമതായി ഏറ്റുമുട്ടുന്നത് ഫെബ്രു 22 ഞായര്‍ രാവിലെ 7.30ന് ദക്ഷിണാഫ്രിക്കയുമായാണ്. ഇന്നത്തെ അവസ്ഥയില്‍, പാക്കിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും ജയിക്കാന്‍ ഇന്ത്യനന്നായി വിയര്‍ക്കേണ്ടിവരും. ഇന്ത്യയുടെ സമീപകാല പ്രകടനം നിരാശാജനകം. ആസ്‌ത്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു കളിപോലും ജയിച്ചില്ല. സന്നാഹ മത്സരത്തില്‍ ആസ്‌ത്രേലിയയോട് വീണ്ടും തോറ്റു. ഏറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനോട് ജയിച്ചതാണ് ആശ്വാസം. അഫ്ഗാനിസ്ഥാന്‍ എണ്ണപ്പെട്ട ടീമല്ല.
ബൗളിംഗിലാണ് പരാധീനതകള്‍. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് അല്‍പം ഭേദം. എന്നാല്‍, ബാറ്റിംഗ് കരുത്തുകൊണ്ട് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. അതേസമയം, സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയാണ് പാക്കിസ്ഥാന്റെ വരവ്. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്, ഓള്‍ റൗണ്ടര്‍ ശാഹിദ് അഫ്രീദി എന്നിവര്‍ അപാരഫോമില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ, സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നതും ആശങ്കപ്പെടുത്തുന്നു. വിരാട് കോഹ്‌ലി സച്ചിനോളം പോന്നിട്ടില്ല.
ഇന്ത്യ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ യു എ ഇ, അയര്‍ലാന്റ്, സിംബാബ്‌വെ എന്നീ ടീമുകളെ എളുപ്പം പരാജയപ്പെടുത്താന്‍ കഴിയും. കരുത്തരായ വെസ്റ്റിന്റീസാണ് മറ്റൊരു ടീം.
ഇന്ത്യ യു എ ഇ മത്സരം പെര്‍ത്തില്‍ ഫെബ്രു 28 രാവിലെ 10.30നാണ് തുടങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മലയാളി സാന്നിധ്യമില്ല. യു എ ഇ ടീമില്‍ മുന്‍ രഞ്ജി താരം കൃഷ്ണ ചന്ദ്രനുണ്ട്. ആസ്‌ത്രേലിയക്കെതിരെയുള്ള സന്നാഹമത്സരത്തില്‍ കൃഷ്ണ ചന്ദ്രന്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു. മികച്ച ഓള്‍ റൗണ്ടറാണ് കൊല്ലങ്കോട്ടുകാരനായ കൃഷ്ണ ചന്ദ്രന്‍. ദുബൈയില്‍ ജനിച്ച മുഹമ്മദ് തൗഖീറാണ് യു എ ഇയെ നയിക്കുന്നത്. നിരവധി പാക്കിസ്ഥാന്‍കാരും യു എ ഇ ടീമിലുണ്ട്. ഓപ്പണര്‍ അംജദ് അലി, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ഖുറം ഖാന്‍ എന്നിവരിലാണ് യു എ ഇയുടെ പ്രതീക്ഷ. സ്വദേശികള്‍ക്കിടയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാന്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐ സി സി)യുടെ ആസ്ഥാനം ദുബൈ ആണെന്നതും ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ലോക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളുണ്ടെന്നതും അനുകൂല ഘടകങ്ങളാണ്.
ദുബൈയില്‍ ഐ പി എല്‍ മത്സരം കാണാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തിയിരുന്നു. ട്വിന്റി 20 ലോകകപ്പ് ക്രിക്കറ്റിന് വേദിയൊരുക്കാന്‍ യു എ ഇക്ക് ആഗ്രഹമുണ്ട്.
90കളില്‍ തന്നെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് ഷാര്‍ജ വേദിയായിരുന്നു. ആസ്‌ത്രേലിയക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ അനുഭവിച്ച മൈതാനമാണ് ഷാര്‍ജ. ലോകത്തിലെ മികച്ച ലെഗ്‌സ്പിന്നറായ ഷെയിന്‍ വോണിനെ സച്ചിന്‍ തകര്‍ത്തുകളഞ്ഞത് ഷാര്‍ജയില്‍ വെച്ച്. ഷാര്‍ജ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആസ്വാദകര്‍ക്ക് വിരുന്നായിരുന്നു. എന്നാല്‍, വാതുവെപ്പും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലെ അസ്വാരസ്യങ്ങളും ഷാര്‍ജ കപ്പിന്റെ നിറം കെടുത്തി.
25,000 പേര്‍ക്കിരിക്കാവുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം കുറേകാലം അടച്ചിട്ടിരുന്നു. അഞ്ചു വര്‍ഷത്തിനുമുമ്പ് രാജ്യാന്തര മത്സരങ്ങള്‍ ഇവിടേക്ക് തിരിച്ചെത്തി. ഏകദിന, ട്വിന്റി 20 മത്സരങ്ങളുടെ ആധിക്യം കളിക്കാരില്‍ എന്ന പോലെ ആസ്വാദകരിലും സമ്മര്‍ദം ചെലുത്തുന്നു. ക്രിക്കറ്റ് കളിതുടര്‍ച്ചയായി വീക്ഷിക്കുന്നത് കാരണം ജീവിതോപാധിയില്‍ പലര്‍ക്കും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാന്‍ പോന്നവണ്ണം ക്രിക്കറ്റില്‍ മാത്രം അഭിരമിക്കുന്നവരുമുണ്ട്. കോര്‍പറേറ്റുകളാണ് ഈയൊരവസ്ഥ വരുത്തിവെച്ചിരിക്കുന്നത്. അവരുടെ പരസ്യത്തിനുവേണ്ടി നിരന്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ക്രിക്കറ്റ് ആസ്വാദകര്‍ ഏറെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ജനത നിഷ്‌ക്രിയരാകുന്നുവെന്നാണ് പഠനം. അമിതമായാല്‍ ക്രിക്കറ്റും വിഷമാണ്.

Latest