Connect with us

Gulf

പ്രവാസികള്‍ പരാതികളുടെ കെട്ടഴിച്ചു; ആശ്വാസമേകി മന്ത്രി ചെന്നിത്തല

Published

|

Last Updated

ഷാര്‍ജ: പരാതികളുടെ ഭാണ്ഡമഴിച്ച പ്രവാസികള്‍ക്കു ആശ്വാസമേകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ജനസമ്പര്‍ക്കത്തിലാണ് മന്ത്രിക്കൂ മുമ്പാകെ പരാതികളുടെ കെട്ടഴിച്ചത്. നീറുന്ന നിരവധി പ്രശ്‌നങ്ങളാണ് പരാതിയായി മന്ത്രിക്കു സമര്‍പിച്ചത്. വിവിധങ്ങളായ 70 ഓളം പരാതികളാണ് ലഭിച്ചത്. പരാതി നല്‍കാനെത്തിയവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. പരാതികളിലെല്ലാം ഒപ്പ് വെച്ച് അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കണ്‍മുന്നില്‍ തന്നെ ഒപ്പ് വെച്ച് ആശ്വസിപ്പിച്ച മന്ത്രിയുടെ നടപടി പരാതിക്കാരെ സന്തോഷിപ്പിച്ചു. സാധാരണഗതിയില്‍ പരാതികള്‍ ഒന്നു നോക്കാന്‍ പോലും ചില മന്ത്രിമാര്‍ താത്പര്യം കാണിക്കാത്ത സ്ഥിതിഉണ്ടാകാറുണ്ട്. എന്നാല്‍ മന്ത്രി ചെന്നിത്തല പരാതികളെല്ലാം സന്തോഷത്തോടെയാണ് കൈപറ്റിയത്.
വ്യക്തിപരമായ പരാതികളായിരുന്നു ഏറെയും. ഭവന ഭേദനം, സ്വത്ത് തര്‍ക്കം, ആക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിക്കു ലഭിച്ചവയില്‍ ഉള്‍പ്പെടും. നാദാപുരം സംഘര്‍ഷത്തില്‍ നാശനഷ്ടത്തിനിരയായവരും പരാതി സമര്‍പിച്ചു.
തൂണേരി നിവാസികള്‍ പ്രത്യേകമാണ് പരാതി നല്‍കിയത്. നീറുന്ന മനസ്സുമായാണ് അവര്‍ മന്ത്രിയുടെ മുമ്പാകെ എത്തിയത്. സംഘര്‍ഷത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടകാര്യം വിവരിച്ചപ്പോള്‍ ചെന്നിത്തല അവരെ സമാധാനിപ്പിച്ചു. ഐ എം സി ഉള്‍പെടെയുള്ള വിവിധ പ്രവാസി സംഘടനകളും പരാതി സമര്‍പ്പിക്കുകയുണ്ടായി.
പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇന്ത്യന്‍ അസോസിയേഷനാണ് ജനസമ്പര്‍ക്കത്തിനുവേദിയൊരുക്കിയത്. നേരത്തെ തന്നെ പരാതിക്കാരെല്ലാം അസോസിയേഷനില്‍ എത്തിയിരുന്നു.
ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മന്ത്രി ചെന്നിത്തല അസോസിയേഷനില്‍ എത്തിയത്. അതുകൊണ്ട് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. പരാതികള്‍ സ്വീകരിച്ച ശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെ ചെന്നിത്തലയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.
ഇംഗ്ലീഷിലായിരുന്നു പ്രസംഗം. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നടപടി തുടങ്ങിയതായി ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. പ്രവാസികള്‍ക്കുണ്ടാകുന്ന ഏതു പ്രശ്‌നവും തന്നെ നേരിട്ടറിയിക്കാമെന്നും ഇതിനുള്ള സംവിധാനവും സൗകര്യവും ഒരുക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് ശാശ്വത സമാധാനം നിലനിര്‍ത്തും. ആക്രമം ഒരു തരത്തിലും പൊറുപ്പിക്കില്ല. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതു സഫലീകരിക്കും.
ഇന്ത്യ വളരുകയാണ്. സാമ്പത്തിക രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് രാജ്യത്തുണ്ടായിട്ടുള്ളത്. അധികനാള്‍ കഴിയും മുമ്പേ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കും. വന്‍ ശക്തികളായ അമേരിക്കക്കും, ചൈനക്കും മറ്റും നമ്മുടെ രാജ്യത്തെ ആവശ്യമായി വന്നിരിക്കുകയാണിപ്പോള്‍. രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയാണ് ഇതിനു കാരണം.
കേരളത്തിലും വന്‍പുരോഗതിയാണ് കൈവന്നുകൊണ്ടിരിക്കുന്നത്. നാല് മേഖലകളിലാണ് യു ഡി എഫ് സര്‍ക്കാര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആരോഗ്യം, ഐ ടി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാണിവ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നടപടിയുണ്ട്. ഒത്തുരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് എല്ലാ രംഗത്തും ശക്തമായ വളര്‍ച്ചയുണ്ടാകും. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളടെ പങ്ക് നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ കെ മുരളീധരന്‍, അസോസിയേഷന്‍ രക്ഷാധികാരി മുഹമ്മദ് അഹ്മദ് മിദ്ഫ, ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം, ട്രഷറര്‍ ബിജു സോമന്‍ സംസാരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അല്‍പം ആസ്വദിച്ചശേഷമാണ് ചെന്നിത്തല മടങ്ങിയത്.

Latest