Connect with us

Gulf

മാലിന്യം ശേഖരിക്കുന്ന നൂറ് ലോറികള്‍ ജൈവ ഇന്ധനത്തിലേക്ക് മാറ്റും

Published

|

Last Updated

അബുദാബി: പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ മാലിന്യം ശേഖരിക്കുന്ന 100 ലോറികള്‍ ജൈവ ഇന്ധനത്തിലേക്ക് മാറ്റാന്‍ അബുദാബി നഗരസഭ ശ്രമം തുടങ്ങി. അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ആദ്യ ഘട്ടമെന്ന നിലയില്‍ ആറു ലോറികളില്‍ ജൈവ ഇന്ധനം ഉപയോഗിച്ചുള്ള പരീക്ഷണത്തിനും നഗരസഭക്കായി മാലിന്യ സംസ്‌കരണം ഏറ്റെടുത്തു നടത്തുന്ന സ്ഥാപനമായ ഇംദാദ് ഇന്റഗ്രേറ്റഡ് ഫസിലിറ്റീസ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സര്‍വീസസ് കമ്പനി തുടക്കംകുറിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ മാലിന്യം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന 100 ലോറികളിലും ജൈവ ഇന്ധനം ഉപയോഗിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പെട്രോളും ഡീസലും ഉള്‍പെട്ട ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് നഗരത്തില്‍ സംഭവിക്കുന്ന പരിസ്ഥിതി മലിനീകരണത്തില്‍ ഒരു ഭാഗം ഉണ്ടാവുന്നത്. നഗരത്തില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നു തന്നെയാവും ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കുകയെന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തടയുന്നതിനൊപ്പം മാലിന്യങ്ങളില്‍ നിന്നു പ്രകൃതിക്കുണ്ടാവുന്ന ആഘാതത്തിനും ഒരേ സയമം വലിയ അളവില്‍ കുറവുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഇരട്ട പ്രയോജനം.
ജൈവ ഇന്ധനത്തിന് ചെലവഴിക്കേണ്ട തുക കുറവാണെന്നതിനാല്‍ സാമ്പത്തികമായും പദ്ധതി മികച്ചതാണെന്ന് ഇംദാദ് ഇന്റഗ്രേറ്റഡ് സര്‍വീസസ് കമ്പനി സി ഇ ഒ ജമാല്‍ അബ്ദുല്ല ലൂത്ത അഭിപ്രായപ്പെട്ടു. കൂടുതല്‍ മാലിന്യം ഉപയോഗിച്ച് വര്‍ധിച്ച തോതില്‍ ജൈവ ഇന്ധനം സൃഷ്ടിക്കുകയെന്ന നയത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. പരിസ്ഥിതി സൗഹൃദമായ സുസ്ഥിരമായ വികസന മാതൃക ഉണ്ടാക്കിയെടുക്കാനും ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം പുറംന്തള്ളുന്നവരുടെ പട്ടികയിലാണ് യു എ ഇയിലെ താമസക്കാര്‍. ദുബൈയില്‍ ഒരു വ്യക്തി 725 കിലോഗ്രാം മാലിന്യം ഒരു വര്‍ഷം പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. അബുദാബിയില്‍ ഇത് 730 കിലോഗ്രാമാണ്. ഇക്കാരണത്താലാണ് മാലിന്യം ശാസ്ത്രീയമായി സുസ്ഥിരമായി സംസ്‌കരിക്കാന്‍ ലക്ഷ്യമിട്ട് 300 കോടി ദിര്‍ഹം മുടക്കി ലോകത്തിലെ ഏറ്റവും വലിയ വെയ്‌സ്റ്റ് ടു എനര്‍ജി(ഡബ്ലിയു ടി ഇ) പ്ലാന്റ് തലസ്ഥാനത്ത് നിര്‍മിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായി മാലിന്യം സംസ്‌കരിക്കാന്‍ ദുബൈയും ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആലോചിച്ചു വരികയാണ്. ഷാര്‍ജയോട് ചേര്‍ന്നുള്ള മാലിന്യം സംസ്‌കരിക്കുന്ന പ്രദേശത്താവും ഇത്തരം ഒരു പദ്ധതി യാഥാര്‍ഥ്യമാക്കുക.
രാജ്യത്ത് പുനരുല്‍പാദന ഊര്‍ജത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോഗം കഴിഞ്ഞ പാചക എണ്ണയും ഇത്തരത്തില്‍ ജൈവ ഇന്ധനമായി മാറ്റിയെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള ജൈവഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നു പുക പുറന്തള്ളപ്പെടില്ലെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ജമാല്‍ പറഞ്ഞു.

Latest