Connect with us

Gulf

അലാവുദ്ദീന്‍ സിറ്റിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും

Published

|

Last Updated

ദുബൈ: അലാവുദ്ദീന്‍ സിറ്റിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ദുബൈ നഗരസഭക്ക് സ്വന്തം ഫണ്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവേ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാമത് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ലൂത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു നഗരസഭ പദ്ധതി പ്രഖ്യാപിച്ചത്. മൂന്നു ടവറുകളോട് കൂടിയതാണ് പദ്ധതി. ലോകം മുഴുവനുമുള്ള അനുവാചകരെ ഭാവനയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയ അലാവുദ്ദീനും അല്‍ഭുത വിളക്കുമെന്ന കഥയില്‍ വിവരിക്കുന്ന രീതിയിലുള്ള ഒരു ചെറു പതിപ്പാണ് ദുബൈയില്‍ അധികം വൈകാതെ യാഥാര്‍ഥ്യമാവുക.
ദുബൈ ക്രീക്കില്‍ 450 മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മൂന്നു ഗോപുരങ്ങളോട് കൂടിയ അലാവുദ്ദീന്‍ സിറ്റി പദ്ധതി. ഇതിനായി എത്ര കോടി ദിര്‍ഹമാണ് ചെലവ്‌വരികയെന്ന് നഗസഭ വ്യക്തമാക്കിയിട്ടില്ല. നഗരത്തിന്റെ വിനോദസഞ്ചാരത്തിന്റെ സംസ്‌കാരം ഉള്‍ചേര്‍ന്നതും പൗരാണികതയുടെ ചിഹ്നങ്ങള്‍ കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതുമായിക്കും ഈ നിര്‍മിതി. വാണിജ്യത്തിനും ഹോട്ടലുകള്‍ക്കുമാവും പ്രധാനമായും ടവറുകളിലെ സ്ഥലം ഉപയോഗപ്പെടുത്തുക. മൂന്നു ടവറുകളുടെയും ഇടയില്‍ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശീതീകരിച്ച പാലങ്ങളും പണിയും.
മൂന്നു ടവറുകളുടെയും മൊത്തം വിസ്തീര്‍ണം 1.1 ലക്ഷം ചതുരശ്ര മീറ്ററായിരിക്കും. ഏറ്റവും ഉയരമുള്ള ടവറില്‍ 34 നിലകളാവും പണിയുക. മറ്റുള്ളവയില്‍ 26ഉം 25ഉം നിലകളാവും. 900 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പെടുത്തും. ദുബൈ ക്രീക്കിലെ യുനസ്‌കോ പദ്ധതിക്ക് പുറത്തായാവും സിറ്റി സാക്ഷാത്ക്കരിക്കുകയെന്നും നാസര്‍ ലൂത്ത പറഞ്ഞു.