ദേശീയ ഗെയിംസിന് കൊടിയിറങ്ങി;ഇനി ഗോവയില്‍

Posted on: February 14, 2015 8:05 pm | Last updated: February 17, 2015 at 8:47 am

GAMES 01...TVMതിരുവനന്തപുരം: രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ കേരളത്തിന്റെ സാന്നിധ്യം വ്യക്തമാക്കിയ 35-ാമത് ദേശീയ കായിക മാമാങ്കത്തിന് കൊടിയിറങ്ങി. സംഘാടനത്തിലും നടത്തിപ്പിലും ഗെയിംസ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്ത കേരളം ഗെയിംസ് പതാക അടുത്ത ഗെയിംസ് വേദിയായ ഗോവക്ക് കൈമാറി. സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖയില്‍ നിന്ന് രാജ്യത്തിന്റെ അഭിമാന കായികതാരങ്ങളായ പി ടി ഉഷയും അഞ്ജുബോബി ജോര്‍ജും തെളിയിച്ച കളിവിളക്ക് അണഞ്ഞതോടെയാണ് പതിനാല് ദിനരാത്രങ്ങള്‍ കായിക ഇന്ത്യയുടെ കണ്ണും കാതും ഉറ്റുനോക്കിയ ദേശീയ കായിക മാമാങ്കത്തിന് തിരശ്ശീല വീണത്.
ദൈവത്തിന്റെ സ്വന്തം നാട് കായിക ഇന്ത്യക്ക് സമ്മാനിച്ച സമാനതകളില്ലാത്ത അവിസ്മരണീയ നിമിഷങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. മുന്നൂറ്റി മുപ്പത്തിയാറ് മണിക്കൂറുകള്‍ നീണ്ട വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ലോകത്തിന് രാജ്യം സമര്‍പ്പിച്ചത് മികവുറ്റ ഒരുപിടി പ്രതിഭകളെ. പ്രതിഭക്കൊപ്പം ഭാഗ്യവും നിര്‍ഭാഗ്യവും ഇഴുകിച്ചേര്‍ന്ന മണിക്കൂറുകളില്‍ വീണവരും വാണവരും ഒട്ടേറെ.
പതിനായിരക്കണക്കിന് കായിക പ്രേമികളെ സാക്ഷിയാക്കി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ ചടങ്ങോടെയാണ് മഹാമാമാങ്കത്തിന്റെ പര്യവസാനം. ടീമുകളും ഒഫീഷ്യല്‍സും അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. അടുത്ത ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ഗോവയാണ് മാര്‍ച്ച് പാസ്റ്റില്‍ അവസാനം നിരന്നത്. ഇതിന് തൊട്ടുമുന്നിലായിരുന്നു കേരള താരങ്ങള്‍. കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എം മാണി, വി എസ് ശിവകുമാര്‍, എ പി അനില്‍കുമാര്‍, ശശി തരൂര്‍ എം പി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ഗെയിംസ് സി ഇ ഒ ജേക്കബ്ബ് പുന്നൂസ്, എം എല്‍ എമാരായ വര്‍ക്കല കഹാര്‍, എം എ വാഹിദ്, പി സി വിഷ്ണുനാഥ് സംബന്ധിച്ചു.
ഗെയിംസില്‍ 54 സ്വര്‍ണമുള്‍പ്പെടെ 162 മെഡലുകള്‍ നേടി ബെസ്റ്റ് ഓവറോള്‍ പെര്‍ഫോമന്‍സിന് അര്‍ഹരായ കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍, സാജന്‍ പ്രകാശ്, മാനേജര്‍ വില്‍സന്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറില്‍ നിന്ന് ട്രോഫി സ്വീകരിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ രാജാ ബഹാദൂര്‍ സിംഗ് ട്രോഫി സര്‍വീസസ് ടീമംഗങ്ങള്‍ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. തുടര്‍ന്ന് പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായ കേരളത്തിന്റെ അഭിമാനം സാജന്‍ പ്രകാശും ഗവര്‍ണറില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
വര്‍ണാഭമായ കരിമരുന്ന് പ്രകടനത്തിന് ശേഷം താഴ്ത്തിയ പതാക ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഏറ്റുവാങ്ങി അടുത്ത ഗെയിംസ് വേദിയായ ഗോവന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറി. ഗോവന്‍ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താവതരണവും പ്രമുഖ കലാകാരന്മാരുടെ കലാ പ്രകടനങ്ങളും അരങ്ങേറി. ഒടുവില്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മു എല്ലാവരെയും നന്ദി പറഞ്ഞ് യാത്രയാക്കി.