അടിയന്തര നടപടികള്‍ സ്വീകരിച്ച് കേരളം

Posted on: February 14, 2015 6:00 am | Last updated: February 14, 2015 at 9:24 am

തിരുവനന്തപുരം: ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. അപകടം സാരമായി ബാധിച്ച ഡി എട്ട് കമ്പാര്‍ട്ട്‌മെന്റില്‍ റിസര്‍വ് ചെയ്ത ഭൂരിഭാഗം യാത്രക്കാരും മലയാളികളാണെന്ന് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ കേരളം അക്ഷരാര്‍ഥത്തില്‍ ആശങ്കയിലായി. കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യയുമായും ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജുമായും സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം പ്രധാന സ്റ്റേഷനുകളിലെല്ലാം കണ്‍ട്രോള്‍ റൂം തുറന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും അടൂര്‍ പ്രകാശും സംഭവ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാരും സംഭവ സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് എറണാകുളം റേഞ്ച് ഐ ജി. എം ആര്‍ അജിത്കുമാറും സംഭവ സ്ഥലത്തെത്തി.

നോര്‍ക്കയുടെ ബെംഗളുരുവിലെ ഓഫീസര്‍ ട്രീസ തോമസ് അപകടം നടന്നയുടന്‍ സ്ഥലത്തെത്തി. അപകടമുണ്ടായി ഒരു മണിക്കൂറിനകം തന്നെ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും തുടങ്ങി. ഡി ആര്‍ എം സുനില്‍ വാജ്‌പേയിയുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങള്‍. വിവിധ സ്റ്റേഷനുകളില്‍ റെയില്‍വേ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ക്ക് പുറമെ നോര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നോര്‍ക്കയും അടിയന്തരമായി ഹെല്‍പ്പ് ലൈന്‍ സെന്ററുകള്‍ തുറന്നു.
യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് അപകട സ്ഥലത്തേക്ക് പോകാന്‍ റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും സൗകര്യം ഒരുക്കി. അപകടത്തില്‍ പരുക്കേറ്റവരെക്കുറിച്ചുള്ള സ്ഥിരീകരണം ലഭിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.