Connect with us

Kerala

ക്ഷേത്രത്തിലെ 266 കിലോ സ്വര്‍ണം കാണാതായെന്ന് സി എ ജി റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോഗ്രാം സ്വര്‍ണം കാണാതായെന്ന് മുന്‍ സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുുള്ളത്. ക്ഷേത്ര നിലവറയില്‍ നിന്നെടുത്ത സ്വര്‍ണം മുഴുവനും തിരിച്ചെത്തിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച 1,800 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രാവശ്യത്തിനെടുത്ത 893.44 കിലോ സ്വര്‍ണത്തില്‍ 627 കിലോ സ്വര്‍ണം മാത്രമേ തിരിച്ചെത്തിയുള്ളൂ. 82 തവണയായി നിലവറയില്‍ നിന്ന് സ്വര്‍ണമെടുത്തിട്ടുണ്ട്. സ്വര്‍ണം പൂശാനായാണ് സ്വര്‍ണം എടുത്തത്. ഇതിനായി 4.8 കോടിയുടെ സ്വര്‍ണം നാല് വര്‍ഷം മുമ്പ് കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളില്‍ വ്യാപകമായ ക്രമക്കേടുണ്ട്. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കഴിഞ്ഞ 25 കൊല്ലത്തെ ആസ്തിയും വരുമാനവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകള്‍. 2008- 09 വര്‍ഷം ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവ ക്ഷേത്ര സ്വത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വരവ് ചെലവ് കണക്കിലും വന്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ക്ഷേത്രത്തിനുണ്ടായിട്ടുണ്ട്. 2002ല്‍ നിലവറയില്‍ നിന്ന് 82 സ്വര്‍ണ പാത്രമെടുത്തെങ്കിലും 78 പാത്രങ്ങള്‍ മാത്രമാണ് തിരികെ ഏല്‍പ്പിച്ചത്. ശേഷിക്കുന്ന പാത്രങ്ങള്‍ എവിടെയാണെന്ന് ക്ഷേത്ര ഭരണാധികാരികള്‍ക്ക് അറിയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ വരുമാനത്തിലും ചോര്‍ച്ചയുണ്ടായതായി വിനോദ് റായ് കണ്ടെത്തി.
ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ രണ്ട് ട്രസ്റ്റുകളാണ് പ്രധാനമായി കൈകാര്യം ചെയ്യുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ രേഖകള്‍ വിട്ടു നല്‍കാന്‍ പലപ്പോഴും മുന്‍ രാജകുടുംബാംഗമായ മാര്‍ത്തണ്ഡവര്‍മ കുടുംബം തയ്യാറായില്ല. ക്ഷേത്രത്തിലെ കണക്കെടുപ്പ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കാന്‍ ക്ഷേത്രം ട്രസ്റ്റിയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാടുണ്ടായില്ല.
ഇക്കാര്യം മുമ്പ് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ തന്നെ അമിക്കസ്‌ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയാണ് രണ്ട് ട്രസ്റ്റുകള്‍ രൂപവത്കരിച്ചത്. എന്നാല്‍, ഈ ട്രസ്റ്റുകള്‍ വരവ് ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ രേഖകള്‍ വിട്ടുനല്‍കുന്നില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം തന്നെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി നേരിട്ട് ഇടപെട്ട് രേഖകള്‍ ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ക്ഷേത്ര നടത്തിപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര സ്വത്ത് ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതിയാണ് വിനോദ് റായിയെ ചുമതലപ്പെടുത്തിയത്. ക്ഷേത്രത്തിന്റ വരവ് ചെലവ് കണക്കുകളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും ക്ഷേത്ര ഭരണസമിതിയെ കുറ്റപ്പെടുത്തിയിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനും രൂക്ഷ വിമര്‍ശമാണുള്ളത്. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. അമിക്കസ്‌ക്യുറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി ഇന്ദിരയെ അധ്യക്ഷയാക്കി ക്ഷേത്ര ഭരണസമിതി പുനഃസംഘടിപ്പിച്ചിരുന്നു.

Latest