Connect with us

Editorial

ആം ആദ്മി പാര്‍ട്ടി സര്‍ക്കാറില്‍ പ്രതീക്ഷയോടെ

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനമൂത്ത് അദ്ദേഹത്തിന് ക്ഷേത്രം പണിയാനുള്ള തീരുമാനം ഏതായാലും ഉപേക്ഷിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ കൊത്താരിയ ഗ്രാമത്തില്‍ ക്ഷേത്രം പണി ഏതാണ്ട് പൂര്‍ത്തിയായതായിരുന്നു. പ്രതിഷ്ഠ സ്ഥാപിക്കേണ്ട പണി മാത്രമായിരുന്നു ബാക്കി. ഈ ഘട്ടത്തിലാണ് മോദി തന്റെ പേരില്‍ ക്ഷേത്രം പണിയുന്നതിനെതിരെ പ്രതികരിച്ചത്. നാട്ടില്‍ ആവശ്യത്തിലേറെ ആള്‍ ദൈവങ്ങളുള്ള സാഹചര്യത്തില്‍ അവരില്‍ ഒരാളാകാന്‍ താനില്ലെന്ന് ട്വിറ്ററില്‍ മോദി കുറിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചടുലമായ ശൈലിയിലൂടെ ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം ഉണ്ടാക്കിയെടുത്ത നേതാവാണ് മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഈ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന മോദിയുടെ “അതിമോഹ”ത്തെ സമ്മതിദായകര്‍ തകര്‍ത്ത് തരിപ്പണമാക്കിയത് ഇനി ചരിത്രത്തിന്റെ ഭാഗം. ജനാധിപത്യത്തില്‍ സമ്മതിദായകരാണ് സര്‍വ ശക്തരെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൈനിറയെ സീറ്റുകള്‍ നല്‍കിയ അതേ സമ്മതിദായകരാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് 70ല്‍ 67 സീറ്റും വാരിക്കോരി നല്‍കിയത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഡല്‍ഹിയില്‍ സംജാതമായപ്പോള്‍, തുടര്‍ന്ന് നടന്ന ബലപരീക്ഷയില്‍ ജനം കണ്ടറിഞ്ഞ് ആം ആദ്മി പാര്‍ട്ടിയെ സഹായിക്കുകയായിരുന്നു. ശുദ്ധമായ കുടിവെള്ളം, ന്യായമായ നിരക്കില്‍ വൈദ്യുതി തുടങ്ങി ജനപ്രിയ മുദ്രാവാക്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി അതിന് കൈവന്ന ആദ്യ 49 ദിവസത്തെ ഭരണത്തില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയത് ജനങ്ങള്‍ക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വിശ്വാസം ഉളവാക്കിയിരുന്നു. അഴിമതി വിപാടനം ചെയ്യല്‍, സ്ത്രീകള്‍ക്കടക്കം സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങി കെജ്‌രിവാള്‍ മുന്‍വെച്ച വാഗ്ദാനങ്ങളും ജനം കൊതിച്ചിരുന്നതാണ്. അതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നമ്മെ ബോധ്യപ്പെടുത്തുന്നത്. ലോക്‌സഭയില്‍ ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം നല്‍കിയവര്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റുകള്‍ നല്‍കി മൂലക്കിരുത്തി. തുടര്‍ച്ചയായി 15 വര്‍ഷം തങ്ങളെ ഭരിച്ച കോണ്‍ഗ്രസിനെ വട്ടപൂജ്യം നല്‍കി “സംപൂജ്യരാക്കിയ”തും നാം കണ്ടു. പൊതുജനത്തിന് വിവരമില്ലെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ച രാഷ്ട്രീയ നേതൃത്വത്തിന് പാവം ജനം നല്‍കിയ “പാഠം ഒന്നാണ്” ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.
കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ ദേശീയ ബൂര്‍ഷ്വാ പാര്‍ട്ടികളും, ജെ ഡി യു, ആര്‍ ജെ ഡി, നാഷനല്‍ കോണ്‍ഫറന്‍സ്, ടി ഡി പി, എ ഐ എ ഡി എം കെ, ഡി എം കെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും, ദേശീയ നെറ്റിപ്പട്ടമുള്ള ഇടത് കക്ഷികളുമെല്ലാം ആം ആദ്മി പാര്‍ട്ടിയുടേയും അതിന് നേതൃത്വം നല്‍കിയ കെജ്‌രിവാളിന്റെ വലിയ ആരാധകരായി മാറിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുമെന്നും അവര്‍ തങ്ങളുടേതടക്കമുള്ള പാര്‍ട്ടികള്‍ക്ക് മഹനീയ മാതൃകയാണ് കാഴ്ചവെച്ചതെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരിച്ചറിഞ്ഞിരിക്കുന്നു. സാധാരണക്കാരുടെ ദുരിത പൂര്‍ണമായ നിത്യജീവിതം കണ്ടില്ലെന്ന് നടിക്കാനും സ്വന്തം പാര്‍ട്ടിയിലെ വിഭാഗീയതയും നേതൃ നിരയിലുള്ളവരുടെ താന്‍പോരിമയും അവസാനിപ്പിക്കാന്‍ മുതിരാതെയും ഭരണത്തിന്റെ സുഖശീതളിമയില്‍ കഴിഞ്ഞിരുന്ന നേതാക്കള്‍ ജനങ്ങളില്‍ നിന്നും സ്വയം അകലുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി ചോര്‍ത്തിക്കളഞ്ഞതും അവര്‍ തന്നെ. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാക്കളും വിത്ത് വിതച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയ തകര്‍പ്പന്‍ ജയം അവരുടെ വിയര്‍പ്പിനുള്ള പ്രതിഫലമാണ്. ജനങ്ങളെ വിസ്മരിച്ചാല്‍ ആം ആദ്മി പാര്‍ട്ടിക്കും ഈ ഗതിയായിരിക്കുമെന്നതില്‍ സംശയമില്ല.
തിരഞ്ഞെടുപ്പ് ചെലവുകള്‍ നേരിടാന്‍ ആം ആദ്മി പാര്‍ട്ടി ചില സംശയാസ്പദ കമ്പനികളില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന്, മുമ്പ് ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് പാര്‍ട്ടി നേതൃത്വം വെല്ലുവിളിച്ചിട്ടുണ്ട്. ജനകീയ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളികളാകുന്നതിനൊപ്പം അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം തുടരുകയും വേണം. ഡല്‍ഹിയില്‍ ഒരു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ബസ് ജീവനക്കാര്‍ ഓടുന്ന ബസില്‍ മൃഗീയമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിലെ ജനവികാരത്തിന്റെ ഉത്പന്നമാണ് ആം ആദ്മി പാര്‍ട്ടി. അതിന് ശേഷവും സമാന സംഭവങ്ങള്‍ ഡല്‍ഹിയില്‍ പോലും ആവര്‍ത്തിക്കുന്നു. അഴിമതി നിര്‍ബാധം തുടരുന്നു. പാര്‍ട്ടിക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നേതാക്കളുടെ പേരില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതുകൊണ്ടോ. പ്രതിമകള്‍ സ്ഥാപിച്ചതുകൊണ്ടോ ഇതിനൊന്നും പരിഹാരമാകില്ല. സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന ധാര്‍മിക മൂല്യച്ച്യുതി തടയാന്‍ ഓരോരുത്തരും രംഗത്തിറങ്ങണം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനാകട്ടെ എന്ന് നമുക്ക് ആശിക്കാം.

Latest