Connect with us

Gulf

മലബാറിന്റെ വേരുകള്‍ തേടി ഗള്‍ഫ് മലയാളി

Published

|

Last Updated

ദുബൈ: മലബാറിന്റെ ചരിത്രം തേടി ഗള്‍ഫ് മലയാളി ഗവേഷണത്തില്‍. തിരൂര്‍ സ്വദേശി ശരീഫ് അയ്യായയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നത്. മലബാര്‍ എന്നത് കേവലമായ പ്രാദേശിക നാമമല്ലെന്നും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വാണിജ്യ ബന്ധത്തിന്റെ നാഴികക്കല്ലാണെന്നും ശരീഫ് പറഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്ക് ഒഴൂര്‍ പഞ്ചായത്ത് നിവാസിയായ മാഞ്ചുറത്ത് സൈദാലിയുടെയും ആമിനയുടെയും മകനായ ശരീഫ്.
Discovery of malabar new globalize dimension എന്ന മലബാര്‍ ഗവേഷണ പദ്ധതിയിലൂടെ ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, സൗത്ത് ആഫ്രിക്ക, മലേഷ്യ, മാലി, മാലിദ്വീപ്‌സ്, ശ്രീലങ്ക, ഇന്ത്യോനേഷ്യ തുടങ്ങി മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ശരീഫിന്റെ ലക്ഷ്യം.
ദക്ഷിണാഫ്രിക്കയിലെ എലിസബത്ത് മലബാര്‍ ഫോര്‍ട്ട്, കാലിഫോര്‍ണിയയിലെ മലബാര്‍ ലൈബ്രറി, ഓഹിയോയിലെ മലബാര്‍ പാര്‍ക്ക്, സിഡ്‌നിയിലെ മലബാര്‍ സ്‌കൂള്‍, ഓസ്‌ട്രേലിയയിലെ മലബാര്‍ ഹെഡ്‌ലാന്റ്, ലോക പ്രശസ്ത നാവിക കപ്പല്‍ എച്ച് എം എസ് മലബാര്‍, ഇന്‍ഡ്യോനേഷ്യയിലെ മലബാര്‍ അഗ്നി പര്‍വതം, മലബാര്‍ റേഡിയോ സ്റ്റേഷന്‍, മലബാര്‍ ബാറ്ററി ഹൗസ്, ഫ്‌ളോറിഡയിലെ മലബാര്‍ പ്രദേശം തുടങ്ങി, ലോക ഭൂപടത്തില്‍ ഇടംനേടിയ പ്രദേശങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, സസ്യവര്‍ഗങ്ങള്‍, ജന്തുവര്‍ഗങ്ങള്‍, ഗ്രന്ഥങ്ങള്‍, സാഹിത്യ കൃതികള്‍ എന്നിവ ഉള്‍കൊള്ളുന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്.
പത്ത് വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ശരീഫിന് ആറ് ഭാഷകളില്‍ പ്രാവീണ്യവും എട്ട് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ എം ബി എ വിദ്യാര്‍ഥി കൂടിയായ ശരീഫ് തന്റെ മലബാര്‍ പ്രേമവും ചിന്തകളും ഗവേഷണ വിഷയമായി അക്കാഡമിക തലത്തില്‍ ഗവേഷണത്തിനൊരുങ്ങുകയാണ്.
സമൂഹത്തിന്റെ സങ്കുചിതമായ മലബാര്‍ മനോഭാവം തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഹോര്‍ത്തൂസ് മലബാറിക്കൂസ്, മലബാര്‍ മാന്വല്‍, ദി ജുവല്‍ ഓഫ് മലബാര്‍ എന്നീ വിശ്വ പ്രസിദ്ധ ഗ്രന്ഥങ്ങളെ ഇനിയും മലയാളി വേണ്ടപോലെ സമീപിച്ചിട്ടില്ലെന്നും, കാതലായ പുനര്‍ചിന്ത ആവശ്യമാണെന്നും ശരീഫ് അഭിപ്രായപെടുന്നു.
തന്റെ പഠനവുമായി ബന്ധപെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈവശമുള്ളവര്‍ 00971 508211847 mpshereef@gmail.com എന്ന വിലാസത്തില്‍ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു. കേരള സൈക്കിള്‍ സവാരി പ്രമോട്ടോഴ്‌സിന്റെ കീഴില്‍ 700 കിലോമീറ്റര്‍ സൈക്കിള്‍ യജ്ഞത്തില്‍ പങ്കാളിയായി ശരീഫ് ശ്രദ്ധേയനായിരുന്നു.

---- facebook comment plugin here -----

Latest