Connect with us

Gulf

എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെക്കല്‍ സാധ്യമല്ല: വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

അബുദാബി: ഏപ്രില്‍ 20ന് നടക്കുന്ന എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെക്കല്‍ അസാധ്യമാണെന്ന് കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്. സിറാജിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സി ബി എസ് സി പരീക്ഷക്ക് വേണ്ടി എന്‍ട്രന്‍സ് പരീക്ഷമാറ്റിവെക്കുന്നത് ഏറെ ബദ്ധിമുട്ട് സൃഷ്ടിക്കും. സി ബി എസ് സി പരീക്ഷ മാറ്റിവെക്കണം. എന്‍ട്രന്‍സ് പരീക്ഷക്ക് ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സെന്ററുകളുണ്ട്. വിവിധ സ്‌കൂളുകളുടെ സൗകര്യം പരിശോധിച്ചാണ് പരീക്ഷാ തിയ്യതി നിശ്ചയിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയുടെ തിയ്യതി ആറു മാസം മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു. ഒരു ബോര്‍ഡിന്റെ പരീക്ഷ മാറ്റിവെക്കുന്നതിനേക്കാള്‍ ക്ലേശകരമാണ് ഒരു സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷമാറ്റിവെക്കല്‍. അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 20നാണ് സി ബി എസ് ഇ ബോര്‍ഡ് പരീക്ഷയും കേരള എന്‍ട്രന്‍സ് പരീക്ഷയും ഒരേ തിയ്യതിയില്‍ നടക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി ഗള്‍ഫിലെ നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസായ 13,000 രൂപ കമ്മീഷണറുടെ അക്കൗണ്ടിലേക്ക് അടച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ സൈക്കോളജി വിഷയത്തിലെ പരീക്ഷയാണ് വിദ്യാര്‍ഥികളെ കുടുക്കിലാക്കുന്നത്. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പാര്‍ട്ട് ഒന്ന് പരീക്ഷ നടക്കുന്ന ഏപ്രില്‍ 20നാണ് സൈക്കോളജി പരീക്ഷയും നടക്കുന്നത്. സൈക്കോളജി ഓപ്ഷനല്‍ വിഷയമായി എടുത്ത കുട്ടികള്‍ എഞ്ചിനീയറിംഗ് മോഹം ഉപേക്ഷിക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവക്കൊപ്പം ഉപവിഷയമായി സൈക്കോളജി എടുത്തവരാണ് കുടുക്കിലായിരിക്കുന്നത്. യു എ ഇയില്‍ മാത്രം നൂറോളം കുട്ടികളെ പ്രശ്‌നം ബാധിക്കുന്നുണ്ട്. മറ്റ് ജി സി സി രാഷ്ട്രങ്ങളിലെയും കേരളത്തിലെയും കുട്ടികളുടെ കണക്കെടുത്താല്‍ എണ്ണം ഇതിലും കൂടും. പ്രശ്‌ന പരിഹാരത്തിനായി സി ബി എസ് ഇ സെക്രട്ടറി, കേരള എന്‍ട്രന്‍സ് കമ്മീഷണര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു പരിഹാരവുമുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
എന്തായാലും വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന തീരുമാനത്തിനെതിരെ ഇന്ന് അബുദാബിയിലെത്തുന്ന മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest