Connect with us

Gulf

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധിക തുക ഈടാക്കരുതെന്ന് മന്ത്രാലയം

Published

|

Last Updated

അബുദാബി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിവരിച്ചതില്‍ കൂടുതല്‍ തുക ഈടാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

വിവിധ കോഴ്‌സുകള്‍ക്കായി ഈടാക്കുന്ന തുക പ്രോസ്‌പെക്ടസില്‍ പ്രസിദ്ധീകരിച്ചതിന് തുല്യമായിരിക്കണമെന്ന് മിനിസ്ട്രി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് സയന്റിഫിക് റിസേര്‍ച്ച്(എം ഒ എച്ച് ഇ എസ് ആര്‍) അക്കാഡമിക് അക്രെഡിറ്റേഷന്‍ കമ്മിഷന്‍ ഡയറക്ടര്‍ പ്രഫ. ബദര്‍ അബ്ദുല്‍-ഇല ഓര്‍മിപ്പിച്ചു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസം വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കല്ല, അത് ഒരു സേവനമാണ്. പഠിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് നിശ്ചയിക്കുന്നത്.
പ്രോസ്‌പെക്ടസിലൂടെ പരസ്യപ്പെടുത്തുന്ന ഫീസില്‍ കൂടുതല്‍ വാങ്ങാന്‍ ഒരു സ്ഥാപനത്തിനും മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ഒരുപാട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ കോഴ്‌സിനുമുള്ള ഫീസ് നിശ്ചയിക്കുന്നത്. ഇത് എത്രത്തോളം ആവാമെന്നത് പരിശോധിച്ചാണ് വിവിധ കോഴ്‌സുകള്‍ക്ക് ഈടാക്കാവുന്ന ഫീസിന് മന്ത്രാലയം മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ പഠന പരിപാടിയിലും ഏത് ഡിഗ്രിയാണ് നല്‍കുന്നത് എന്നത് തന്നെയാണ് ഫീസ് ഈടാക്കുന്നതിലെ പ്രധാന ഘടകം. ഇതില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഉള്‍പെടും.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ഉള്‍പെട്ട പ്രൊഫഷണലുകള്‍ക്ക് എത്ര തുകയാണ് ശമ്പളം ഉള്‍പെടെയുള്ളവയുമായി ബന്ധപ്പെട്ട് നല്‍കേണ്ടതെന്നതും നല്‍കുന്നത് എന്നതുമെല്ലാം പരിശോധിച്ചാണ് ഫീസ് നിശ്ചയിക്കാന്‍ അനുവദിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങള്‍ നടത്തുന്ന വ്യത്യസ്തമായ കോഴ്‌സുകള്‍ക്ക് എത്ര തുകയാണ് ഫീസ് എന്ന് കണക്കാക്കി പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതും ഇത് പരസ്യപ്പെടുത്തി താല്‍പര്യമുള്ളവരെ ആകര്‍ഷിക്കുന്നതും.
ചില കോഴ്‌സുകള്‍ക്ക് ലബോറട്ടറിയും അനുബന്ധ ഉപകരണങ്ങളും പഠനത്തിന്റെ ഭാഗമായി സജ്ജമാക്കേണ്ടി വരും. ഇതോടൊപ്പം വിദേശത്ത് നിന്നു അധ്യാപകരെ കൊണ്ടുവരുന്നതിനും മറ്റുമായി ഭാരിച്ച തുക ചിലപ്പോള്‍ വേണ്ടിവരും. ഇത്തരം കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അതിന് വേണ്ടി വരുന്ന ചെലവുകള്‍ പരിഗണിച്ചാണ് ഫീസ് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്നത്. ഇതിന് എതിരായ വിധത്തില്‍ പ്രോസ്‌പെക്ടസിനെ മറികടന്ന് ഫീസ് വര്‍ധിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രഫ. ബദര്‍ പറഞ്ഞു.
കോഴ്‌സിനായി എത്തുന്നവരില്‍നിന്നു ചില സ്ഥാപനങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിവരിച്ചതിലും കൂടുതല്‍ തുക വാങ്ങുന്നതായി മന്ത്രാലയത്തിന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി എം ഒ എച്ച് ഇ എസ് ആര്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest