Connect with us

Kerala

നിലമ്പൂര്‍ രാധാവധം: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ. ബി കെ ബിജു നായര്‍(37), സുഹൃത്ത് കുന്നശ്ശേരി ശംസുദ്ദീന്‍ എന്ന ബാപ്പുട്ടി (39) എന്നിവര്‍ക്കാണ് ജീവപര്യന്തം. മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയിരുന്നു ബിജു നായര്‍.

ഇന്ത്യന്‍ ശിക്ഷാ നിയമം 342 തടഞ്ഞുവെക്കല്‍, 302 കൊലപാതകം, 376(1) ബലാല്‍സംഗം, 404 മൃതദേഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവരല്‍, 201 തെളിവ് നശിപ്പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നാണ് കോടതി കണ്ടെത്തിയത്.
2014 ഫെബ്രുവരി അഞ്ചിന് നാണ് കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് അമരമ്പലം കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.
രാധയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി 9ന് വൈകീട്ട് മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 10ന് രാവിലെ കുളം വറ്റിച്ച് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ രാധയുടേതെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പ്രതികള്‍ പോലീസ് പിടിയിലായി. തുടര്‍ന്ന് ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂര്‍ത്തിയായത്.
അന്വേഷണത്തില്‍ നേരത്തെ രാധയെ പ്രതികള്‍ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. 245 സാക്ഷികളില്‍ 108 പേരെ ജഡ്ജി പി എസ് ശശികുമാര്‍ മുമ്പാകെ വിസ്തരിച്ചു. ഇതില്‍ ഒന്നാം പ്രതിയുടെ ഭാര്യ സഹോദരി ഷീബ, രണ്ടാം പ്രതിയുടെ ഭാര്യ, ഭാര്യാ പിതാവ് സിദ്ദീഖലി അടക്കം നാലുപേര്‍ കൂറുമാറിയിരുന്നു. രണ്ടായിരത്തിലധികം പേജ് അടങ്ങിയതാണ് സാക്ഷിമൊഴി. ജനനേന്ദ്രിയത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാത്സംഗ വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്.
ജഡം തിരിച്ചറിയാനായി ഡി എന്‍ എ പരിശോധനയും നടത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജി മാത്യു, ഒന്നാം പ്രതി ബി കെ ബിജുനായര്‍ക്കു വേണ്ടി അഭിഭാഷകരായ കെ ആര്‍ ഷൈന്‍, ആശാ ഷൈന്‍, രണ്ടാം പ്രതി ശംസുദ്ദീന് വേണ്ടി അഡ്വ. പി കെ വര്‍ഗീസ് എന്നിവരും ഹാജരായി.