Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെ ചോദ്യം ചെയ്യുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതക കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു. സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

സുനന്ദയുടെ മകന്‍ ശിവമേനോനെ കഴിഞ്ഞ അഞ്ചിന് സി ബി ഐ ചോദ്യം ചെയ്തിരുന്നു. വസന്ത് വിഹാറിലെ സി ബി ഐ ഓഫീസില്‍ നടന്ന മൊഴിയെടുക്കല്‍ എട്ട് മണിക്കൂര്‍ നേരം നീണ്ടുനിന്നു. കേസന്വേഷണം നടത്തുന്ന സംഘം തരൂരിന്റെ വേലക്കാരനായ നാരായണ്‍ സിംഗിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
സുനന്ദയുടെ മരണം സംബന്ധിച്ച് നേരത്തെ നല്‍കിയ മൊഴിയിലോ പ്രസ്താവനയിലോ കൂടുതല്‍ വിശദീകരണം തേടിയാണ് സാക്ഷികളില്‍ പലരെയും വീണ്ടും വിളിച്ച് വരുത്തുന്നതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനുവരി 19നാണ് തരൂരിനെ ആദ്യം സി ബി ഐ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അന്ന് മൂന്നര മണിക്കൂര്‍ നേരം നീണ്ടുനിന്നിരുന്നു.

സുനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍ സിംഗ്, പത്രപ്രവര്‍ത്തകരായ നളിനി സിംഗ്, രാഹുല്‍ കാന്‍വാല്‍ എന്നിവര്‍ ഇതിനകം തന്നെ സി ബി ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. സുനന്ദയെ 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് അജ്ഞാതരായ ആളുകള്‍ക്കെതിരെ പോലീസ് ഒരു കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest