Connect with us

Palakkad

പാലക്കാട് നഗരസഭയില്‍ സ്ഥിര സമിതി ചെയര്‍പേഴ്‌സനും സെക്രട്ടറിക്കുമെതിരെ ബി ജെ പി കൈയേറ്റശ്രമം

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ക്ഷേമകാര്യസ്ഥിര സമിതി ചെയര്‍പേഴ്‌സനെതിരെയും സെക്രട്ടറിക്ക് നേരെയും ബി ജെ പിയുടെ കൈയേറ്റശ്രമം.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍ ശിവരാജന്റെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റ ശമം നടത്തിയത്.
നേരത്തെ ചെയര്‍മാന്‍ പി വി രാജേഷിന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ബി ജെ പി അംഗങ്ങള്‍ കൗണ്‍സില്‍ തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിെവച്ചു.
പിന്നീട് ചെയര്‍മാന്റെ ഓഫീസിനുമുന്നിലും ബി ജെ പി അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. മാലിന്യപ്രശ്‌നമടക്കം നിരവധി വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതിനാല്‍ ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും അഭാവത്തില്‍ ക്ഷേമകാര്യ—സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ സജിതയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഇതിനിടെയാണ് ആക്രോശിച്ചെത്തിയ ശിവാരജന്റെ നേതൃത്വത്തിലുള്ള സംഘം സജിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തിയത്. മൈക്ക് വലിച്ചെറിഞ്ഞതിന് ശേഷം ഫയലുകളും മറ്റും വലിച്ചുകീറി. ഇതുതടയാന്‍ ചെന്ന കോണ്‍ഗ്രസ് അംഗം സുനില്‍കുമാറിനെതിരെയും കയ്യേറ്റശ്രമമുണ്ടായി. കൗണ്‍സില്‍ ക്ലര്‍ക്ക് നന്ദകുമാറിനെ മര്‍ദ്ധിക്കാന്‍ ശ്രമിക്കുകയും അജന്‍ഡ വലിച്ചുകീറുകയും ചെയ്തു.
നഗരസഭയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് രാഷ്ട്രീയം മറന്ന് പരിഹാരശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രതിഷേധ നാടകങ്ങള്‍ അരങ്ങേറിയത്. വനിതാകൗണ്‍സിലര്‍ക്കു നേരയുള്ള കൈയേറ്റശ്രമം അപലപനീയമാണെന്ന് ചെയര്‍മാന്‍ പി വി രാജേഷ് അറിയിച്ചു.

---- facebook comment plugin here -----

Latest