Connect with us

Palakkad

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: പാലക്കാട് പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. മൂത്താന്തറ ദ്വാരക നഗറില്‍ ജഗദീഷ് എന്ന സുര (33), കര്‍ണ്ണകി നഗര്‍ പൊന്നന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന സുരേഷ് (28), മൂത്താന്തറ ശിവാജി റോഡില്‍ സന്തോഷ് എന്ന കുട്ടുമണി (25) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് സി ഐ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പഴനിയില്‍ വെച്ച് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രിയാണ് മൂത്താന്തറ ഗിരീഷ് എന്ന കട്ടി ഗിരീഷിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ചത്. തൈപ്പുയ കാവടി ഉത്സവ സമയത്ത് പഴനിയില്‍ വെച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും നടന്നിരുന്നു. നായ സുര എന്ന സുരേഷിന്റെ സംഘവും ജഗദീഷിന്റെ സംഘവും തമ്മിലാണ് കൊമ്പുകോര്‍ത്തത്.
അതിന്റെ പകരം വീട്ടാന്‍ അഞ്ചിന് രാത്രി മേലാമുറി പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ നടുറോഡിലിട്ട് വാളും കമ്പിവടിയും ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ച് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മധുര, ട്രിച്ചി, പഴനി, ദിണ്ടുക്കല്‍ എന്നിവിടങ്ങളില്‍ മാറി മാറി ഒളിവില്‍ താമസിച്ച് പോലീസിനെ കുഴക്കിയ സംഘത്തെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കഴിഞ്ഞദിവസം പഴനി-കൊടൈക്കനാല്‍ റോഡിലെ ഒത്തക്കടക്കു സമീപമുള്ള തെങ്ങിന്‍തോപ്പില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.
പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡയിലെടുത്തു. പ്രതികള്‍ക്ക് രക്ഷപ്പെടാനും താമസിക്കാനും സഹായിച്ച രണ്ട് പേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ടൗണ്‍ നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദ്, എസ് ഐ എം സുജിത്, ജി എസ് ഐ ദേവദാസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ജലീല്‍, കെ എ അശോക്കുമാര്‍, എം സതീഷ്‌കുമാര്‍, കെ അഹമ്മദ് കബീര്‍, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.