Connect with us

Palakkad

വള്ളുവനാടന്‍ പൂരമഹോത്സവങ്ങള്‍ക്ക് നിറച്ചാര്‍ത്തണിയാന്‍ കാള ശില്‍പ്പങ്ങളൊരുങ്ങി

Published

|

Last Updated

കൊപ്പം: വള്ളുവനാടന്‍ പൂരമഹോത്സവങ്ങള്‍ക്ക് നിറച്ചാര്‍ത്തണിയാന്‍ മുളയന്‍കാവില്‍ കാളകലാകാരന്‍ ടി പി നാകന്‍ മാസ്റ്ററുടെ കാളശില്‍പ്പങ്ങളൊരുങ്ങി. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ പൂരപ്രേമികള്‍ക്ക് ഹരം പകരാന്‍ വൈദ്യുത ദീപാലംങ്കാരത്തോടെയുള്ള കാളശില്‍പ്പങ്ങളെ തേടി ഉത്സവക്കമ്മിറ്റികളുടെ തിരക്കാണ് മുളയന്‍കാവ് നാകന്റെ വീട്ടില്‍.
കാലഗതിയുടെ അനുസ്യൂത പ്രവാഹത്തിലും പഴമയോടൊപ്പം പുതുമയെയും വഹിച്ചവരാണ് വള്ളുവനാട്ടുകാര്‍. പ്രൗഢമായൊരു കാര്‍ഷിക സംസ്‌കൃതിയുടെ സ്മരണകളാണ് വള്ളുവനാട്ടിലെ കാവുത്സവങ്ങള്‍ക്ക് കൈവന്നിട്ടുള്ളത്. നിളയും കുന്തിപ്പുഴയും നിറഞ്ഞൊഴുകി സമ്പുഷ്ടമാക്കിയ വിളനിലങ്ങളും നൂറ്‌മേനിക്ക് നിറവൊത്ത കതിര്‍ക്കൂനകളും വള്ളുവനാടിന് അന്യമാണെങ്കിലും കാര്‍ഷിക സംസ്‌കൃതിയുടെ ശേഷിപ്പുകളായ വള്ളുവനാടന്‍ വേലകള്‍ക്ക് ആളും അര്‍ത്ഥവുമേറുകയാണ്.
മകരക്കൊയ്ത്ത് കഴിഞ്ഞ് അടുത്ത വിളയിറക്കലിന് മുമ്പായി കിട്ടുന്ന കാര്‍ഷിക ഇടവേളയാണ് വള്ളുവനാടന്‍ കാവുകള്‍ക്ക് ഉത്സക്കാലം. ദേശത്തിന്റെ അരിഷ്ട് മാറാനും കാര്‍ഷിക വിളകളുടെ അഭിവൃദ്ധിക്കും ഗ്രാമീണരുടെ സമ്പാദ്യമായ കന്നുകാലികളുടെ രക്ഷയ്ക്കും വേണ്ടി കൃഷിക്കാരും കര്‍ഷകരും പ്രകൃതിയില്‍ നിന്ന് സ്വരൂപിക്കുന്ന പരമ്പ്, മുള, കുരുത്തോല, നെല്‍ക്കതിര്‍ എന്നീ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു കാളശില്‍പ്പങ്ങളുണ്ടാക്കിയിരുന്നത്.
പണ്ട് കാലത്ത് അവര്‍ണ്ണസമുദായക്കാരാണ് ഈ സമ്പ്രദായം നടത്തി വന്നിരുന്നത്. ഇന്നത് എല്ലാ സമുദയങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. ഫൈബ്രര്‍ നിര്‍മിതമാണ് ഇന്നത്തെ കാളക്കോലങ്ങള്‍. വേലദിവസം രാവിലെ ക്ഷേത്രത്തിലെ മുഖമണ്ഡപത്തില്‍ ശംഖ് ഊതി കൊട്ടി അറിയിക്കല്‍ ചടങ്ങ് നടത്തുന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. ദേശങ്ങളില്‍ കാളകെട്ടിക്കഴിഞ്ഞാല്‍ ആര്‍പ്പുവിളികളുയരും. പിന്നെ ഉത്സവം കഴിഞ്ഞ് ദേശക്കാര്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെടും.
ചമയങ്ങളിണിയിച്ച കാളക്കോലങ്ങള്‍ ഒന്നൊന്നായി വാദ്യമേളഘോഷങ്ങളുടെയും ചവിട്ടുകളിയുടെയും അകമ്പടിയോടെ കാവ് കയറാനെത്തും.നഗരപ്രദക്ഷിണത്തിന് ശേഷം കാവ് പറമ്പില്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ കാളകരോന്നും സ്ഥാനം പിടിക്കും. രാത്രിയോടെയാണ് പ്രസിദ്ധമായ കാളയിറക്കം. ഇതിനായി കാവിലെ വെളിച്ചപ്പാട് ഉടുത്ത് കെട്ടി ചിലമ്പണിഞ്ഞ് കാളപ്രദക്ഷിണത്തിന് തായ്യാറാകും. പാലക്കുറുശ്ശി നായര്‍ കുഞ്ഞുവിളക്കുമായി അനുഗമിക്കുമ്പോള്‍ അടിയന്തിരവാദ്യക്കാര്‍ മംഗള വാദ്യം കൊട്ടിയറിയിക്കും. തുടര്‍ന്ന് തീവെട്ടിയുടെ വെട്ടത്തില്‍ മൂന്ന് പ്രാവശ്യം കാളകളെ പ്രദക്ഷിണം വെച്ച ശേഷം വെളിച്ചപ്പാട് കാളയിറക്കത്തിന് അനുമതി നല്‍കുന്നതോടെ ദേശക്കാളകള്‍ കീഴ്‌വഴക്കമനുസരിച്ച് ക്രമമായി കാവിറങ്ങും.
ഇതൊക്കെയാണ് പഴയകാല കാളവേലയുടെ ചിട്ടവട്ടങ്ങളെങ്കിലും ഇന്ന് ആചാരങ്ഹലിലും അനുഷ്ടാനങ്ങളിലും രീതികളൊക്കെ മാറിയെന്ന് ടി പി നാകന്‍ മാസ്റ്റര്‍ സങ്കടപ്പെടുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തെ അനുസ്മരിപ്പിക്കും വിധം മനോഹരമാണ് വള്ളുവനാടന്‍ കാളവേലകള്‍. കാളവേലമഹോത്സവങ്ങള്‍ക്ക് പ്രധാനമായും കാളശില്‍പ്പങ്ങളൊരുക്കുന്നത് മുളയന്‍കാവില്‍ നിന്നാണ്.
മുളയന്‍കാവ് താഴത്തേപുരയ്ക്കല്‍ ടി പി നാകനും സഹോദരന്മാരുമാണ് കാളക്കോലങ്ങളുടെ ശില്‍പ്പികള്‍. ഇവരുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം കാലാകാരന്മാരുടെ കരവിരുതിനാല്‍ 70 ജോഡി കാളശില്‍പ്പങ്ങളാണ് കാവ് കയറാനായി ഇവിടെ നിന്നും പോകുന്നത്.
ഈ രംഗത്ത് അരനൂറ്റാണ്ടിന്റെ പഴക്കവും തഴക്കവും ഇവര്‍ക്കുണ്ട്. ഉത്സവകാലമായാല്‍ ഇവരുടെ വീട്ടില്‍ കാളശില്‍പ്പങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കാണ്.
കാളകളെ ബുക്ക് ചെയ്യുന്നതിന് പ്രത്യേകം കലണ്ടര്‍ തന്നെ ടി പി നാകന്‍ മാസ്റ്ററുടെ വീട്ടില്‍ കാണാം. നടുവട്ടം ഗവ ജനതാ ഹൈസ്‌കൂളിലെ ചിത്രകലാഅധ്യാപകനായിരുന്ന നാകന്‍ മാസ്റ്റര്‍ എണ്‍പതാം വയസ്സിലും കാളക്കോല നിര്‍മാണത്തില്‍ കര്‍മ്മ നിരതനാണ്. കോഴിക്കോട് ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ ആര്‍ട്ടിസ്റ്റായി സെവനമനുഷ്ഠിച്ചിരുന്ന ടി പി കൃഷ്ണന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കാലാരംഗത്തും പൊതുരംഗത്തുമായി നാകനോടൊപ്പമുണ്ട്.
നാടകരംഗത്ത് അഭിനേതാവ്, സംവിധായകന്‍, മേക്കപ്പ്മാന്‍ എന്നീ നിലകളിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കാളക്കോല നിര്‍മാണ രംഗത്തെ സമഗ്ര സം”ാവന കണക്കിലെടുത്ത് 2006ല്‍ കോരള ഫോക്ലോര്‍ അക്കാദമി ഫെലോഷിപ്പ് നല്‍കി ടി പി നാകന്‍ മാസ്റ്ററെ ആദരിച്ചിട്ടുണ്ട്.
ഉത്സവങ്ങള്‍ കൂടാതെ വിവിധ ഘോഷയാത്രകള്‍ക്കും ആഘോഷങ്ങല്‍ക്കും മുളയന്‍കാവിലെ നാകന്റെ കാളശില്‍പ്പങ്ങളാണ് പ്രധാനമായും പോകുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് വര്‍ണ്ണാഭമാക്കാന്‍ 20 ജോഡി കാളക്കോലങ്ങളാണ് മുളയന്‍കാവിലെ നാകന്റെ വീട്ടില്‍ നിന്നും പോയത്.
പുതിയ കാലത്തിനനുസരിച്ച് കാളക്കോലനിര്‍മാണത്തിലും മാറ്റം വന്നു. ഇലക്ട്രിക് സാങ്കേതിക വിദ്യഉപയോഗിച്ച് കണ്ണ് ചിമ്മിതുറക്കുക, ചെവിയാട്ടുക, വാ പൊളിച്ച് നാവ് നീട്ടുക, തലയാട്ടുക തുടങ്ങിയ വിദ്യകള്‍ കൂടി പ്രയോഗിച്ച് ഉത്സവപ്രേമികളെ ഹരംകൊള്ളിക്കുന്ന കാളശില്‍പ്പങ്ങളും നാകന്റെ കരവിരുതില്‍ തയ്യാറാക്കിയിട്ടുണ്ട്.
ചെര്‍പ്പുളശ്ശേരി പുത്താല്‍ക്കലിലെ കാളവേലയോടെയാണ് വള്ളുവനാടന്‍ കാളവേലകള്‍ക്ക് ആരംഭം കുറിക്കുന്നത്.
മുളയന്‍കാവ്, അറേകാവ്, തൂതപ്പൂരം, കയിലിയാട്കാവ് എന്നീ ഉത്സവങ്ങള്‍്ക്കും ജില്ലക്ക് പുറത്തുള്ള വിവിധ പൂരങ്ങള്‍ക്കും മുളയന്‍കാവിലെ കാളക്കോലങ്ങള്‍ക്ക് പ്രിയമേറെയാണ്.

Latest