Connect with us

Malappuram

ആദിവാസികള്‍ക്കായി 'വിദ്യ' പദ്ധതി തുടങ്ങി

Published

|

Last Updated

മലപ്പുറം: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി. സ്വയം തൊഴില്‍ പരിശീലനവും സാക്ഷരതാ പ്രവര്‍ത്തനവുമാണ് ആദ്യ ഘട്ടത്തില്‍. മലപ്പുറം ജന്‍ ശിക്ഷന്‍ സന്‍സ്ഥാനുമായി ചേര്‍ന്നാണ് സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത്. പാലക്കയം, അമ്പുമല, വെറ്റിലകൊല്ലി കോളനികളിലെ 60 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ പ്രത്യേകം രൂപകല്‍പന ചെയ്ത സംസാരിക്കുന്ന പേന ഉപയോഗിച്ചാണ് സാക്ഷരതാ പരിശീലനം. അക്ഷരങ്ങളിലും വരികളിലും തൊടുമ്പോള്‍ പേന ഉച്ചരിക്കും. ഇതിനായി പ്രത്യേക പുസ്തകവും രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.
മൂന്ന് മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കും. വന വിഭവങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും പരിശീലനത്തിന്റെ ഭാഗമായി നല്‍കും. ആദിവാസികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്പന നടത്തുന്നതിനാവശ്യമായ സൗകര്യവും ജില്ലാ ഭരണകൂടം ഒരുക്കി നല്‍കും. കോളനികളിലെ മുഴുവന്‍ പേര്‍ക്കും ബേങ്ക് അക്കൗണ്ടും എ ടി എം കാര്‍ഡും നല്‍കിയിട്ടുണ്ട് . തൊഴില്‍ പരിശീലനം, കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, ജീവിത നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
പഠനക്ലാസിന്റെയും തൊഴില്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം ലീഡ് ജില്ലാ മാനേജര്‍ കെ അബ്ദുല്‍ ജബ്ബാര്‍ നിര്‍വഹിച്ചു. ആദിവാസി മൂപ്പന്‍ കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജെ എസ്.എസ് ഡയറക്ടര്‍ വി ഉമ്മര്‍ കോയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മുല്‍ വാഹിദ സംസാരിച്ചു.

---- facebook comment plugin here -----

Latest