Connect with us

Malappuram

വിവാഹം ചെയ്ത് മുങ്ങിയ ഭര്‍ത്താവിനെ തേടിയെത്തിയ ബ്രിട്ടീഷ് യുവതി മടങ്ങി

Published

|

Last Updated

മഞ്ചേരി: വിവാഹം ചെയ്തു മുങ്ങിയ മലയാളിയായ ഭര്‍ത്താവിനെ തേടിയെത്തിയ ബ്രിട്ടീഷ് യുവതി ഇന്നലെ നാട്ടിലേക്ക് മടങ്ങി. പത്തു ദിവസം കഴിഞ്ഞു വീണ്ടും കാണാമെന്നു പറഞ്ഞാണ് സ്‌ക്വാട്ടിഷ് യുവതി മര്‍യം ഖാലിഖ് (25) രാവിലെ ഒമ്പതിനു നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്കു പോയത്. ചാവക്കാട് അകലാട് കുന്നമ്പത്ത് നൗശാദ് എം ബി എ പഠനാവശ്യാര്‍ഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ഫെയ്‌സ് ബുക്ക് വഴി മര്‍യം ഖാലിഖുമായി പരിചയപ്പെട്ടത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2013 ഏപ്രിലില്‍ സ്‌കോട്ടലാന്റിലെ ഡെണ്ടിയില്‍ വെച്ച് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം നൗശാദ് മുങ്ങുകയായിരുന്നു. എംബസി വഴിയും സുഹൃത്തുക്കള്‍ മുഖേനെയും വിലാസം കണ്ടെത്തിയ ശേഷം ജനുവരി 20ന് ചാവക്കാട്ടെത്തി മര്‍യം നൗശാദിന്റെ വീട് കണ്ട് പിടിക്കുകയായിരുന്നു. നൗശാദും മാതാപിതാക്കളും സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ പോലീസുമായി ബന്ധപ്പെട്ടു. മഞ്ചേരിയിലെത്തിയ മര്‍യം അഭിഭാഷകരായ എ പി ഇസ്മാഈല്‍, സുധ, മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ എന്നിവരോടൊത്ത് എസ് പി ബെഹ്‌റക്ക് പരാതി നല്‍കി. എ പി ഇസ്മാഈല്‍, സുധ എന്നിവര്‍ മുഖേന കുന്നുംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു കേസ് കൊടുക്കുകയും ചെയ്തു മജിസ്‌ട്രേറ്റ് സി ജി ഘോഷ മര്‍യത്തെ നൗഷാദിന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ടു. വീട്ടില്‍ നിന്നും പുറത്താക്കരുതെന്നും പീഡിപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. നഷ്ട പരിഹാരം ആവശ്യപ്പെട്ടു വേറെയും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ മാസം 26ന് കേസ് പരിഗണിക്കുമെന്നതിനാലും വിസാ കാലാവധി പൂര്‍ത്തിയായതിനാലുമാണ് മര്‍യം ഇന്നലെ സ്വദേശത്തേക്ക് പോയത്.
വിസ ശരിപ്പെടുത്താന്‍ വേണ്ടിയായിരുന്നു നൗശാദ് മര്‍യം ഖാലിഖിനെ വിവാഹം ചെയ്തത്. നാട്ടിലത്തിയ നൗശാദിനെ ബന്ധുക്കള്‍ വേറെ നിശ്ചയിച്ചുവെങ്കിലും ബ്രിട്ടീഷ് യുവതിയുമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത പത്രത്തിലും സോഷ്യല്‍ മീഡയയകളിലും പ്രസിദ്ധീകരിച്ചതോടെ പെണ്‍കുട്ടി പിന്തിരിഞ്ഞതിനാല്‍ നൗശാദിന്റെ വിവാഹം മുടങ്ങി. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയെ കണ്ട് പരാതിപ്പെട്ടതോടെയാണ് മര്‍യമിന് ആശ്വാസമായത്. വിസ പുതുക്കി തിരിച്ചു വരുമെന്ന് നന്ദിയോടെ മര്‍യം പറഞ്ഞു.