Connect with us

Malappuram

ജലജന്യരോഗങ്ങള്‍ തടയാന്‍ മുന്‍കരുതലെടുക്കണം: ആരോഗ്യവകുപ്പ്

Published

|

Last Updated

മലപ്പുറം: വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജലജന്യരോഗങ്ങള്‍. രോഗാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിലെത്തുമ്പോഴാണ് രോഗങ്ങള്‍ പിടികൂടുന്നത്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിലൂടെ മലിനമാകുന്ന വെള്ളം, കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. തുടര്‍ന്ന് നിര്‍ജലീകരണം സംഭവിക്കുകയും ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗി മരിക്കാനിടയാകുന്നു.
വയറിളക്കം: ശരീരത്തിലെ ജലാംശവും പോഷകഘടകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മലം ദ്രവരൂപത്തില്‍ അനിയന്ത്രിതമായി അയഞ്ഞുപോകുന്നതാണ് വയറിളക്കം.
വയറുകടി: മലം അയഞ്ഞുപോകുന്നതോടൊപ്പം രക്തവും കാണുന്നു.
കോളറ: ഇടതടവില്ലാതെ തുടര്‍ച്ചയായി കഞ്ഞിവെള്ളം പോലെയുള്ള മലം പോകുന്ന അവസ്ഥയാണിത്. ഛര്‍ദ്ദി, പൊടുന്നനെയുള്ള നിര്‍ജലീകരണം എന്നിവ സംഭവിക്കും. നിര്‍ജലീകരണം തടയാനായി പാനീയ ചികിത്സ ഉടന്‍ ലഭ്യമാക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഞ്ചസാര ചേര്‍ത്ത നാരങ്ങാവെള്ളം, ഒ ആര്‍ എസ് ലായനി തുടങ്ങിയവ ആവശ്യാനുസരണം നല്‍കണം. ഒ ആര്‍ എസ് പായ്ക്കറ്റുകള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണ്‍വാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ഉടനെ എത്തിക്കണം.
മഞ്ഞപ്പിത്തം: ഇത് ഒരു വൈറസ് രോഗമാണ്. അകാരണമായ ക്ഷീണം, മനം പുരട്ടല്‍, പനി, വിശപ്പില്ലായ്മ, ത്വക്കിലും കണ്ണിന്റെ വെള്ളയിലും നഖത്തിലും മഞ്ഞനിറം, മൂത്രം മഞ്ഞയായോ ചുവന്നോ പോകുക, കരള്‍ വീക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ വൈദ്യസഹായം തേടണം.
ടൈഫോയ്ഡ്: ജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളമൊലിക്കല്‍, ശരീരത്തിന് തളര്‍ച്ച, മലബന്ധം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

Latest