Connect with us

Malappuram

മണ്ണാര്‍മല-മുത്തിപ്പുറം പാറക്കെട്ടിന്റെ മുകളില്‍ പുലി

Published

|

Last Updated

പെരിന്തല്‍മണ്ണ: മണ്ണാര്‍മല-പച്ചീരി മുത്തിപ്പുറം പാറക്കെട്ടിന്റെ മുകളില്‍ പുലി. ഇന്നലെ രാവിലെ 7.45 ഓടെയാണ് നാട്ടുകാര്‍ പുലികളെ കണ്ടത്. മുത്തിപ്പുറം പാറക്കെട്ട് സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തില്‍ വീട്ടില്‍ പാചകം ചെയ്തിരുന്ന കുറുപ്പത്ത് അശ്‌റഫ് ആണ് ആദ്യമായി പുലിയെ കണ്ടത്.
ഉടനെ അയല്‍വാസികളെയും നാട്ടുകാരെയും വിളിച്ചു വിവരം അറിയിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്നും ബൈനോക്കുലര്‍ വാങ്ങി അതിലൂടെ വീക്ഷിച്ചപ്പോള്‍ ഒരു വലിയ പുലിയും രണ്ടെണ്ണം താഴെ പാറപ്പുറത്ത് കിടക്കുന്നതുമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാറക്കെട്ടിന് സമീപ പ്രദേശത്ത് വെള്ളക്കെട്ട് ഉള്ളതിനാല്‍ വെള്ളം കുടിക്കുവാനും പുലികള്‍ക്ക് സൗകര്യമുണ്ട്. മുപ്പതോളം നാട്ടുകാര്‍ ദൃശ്യം കണ്ടതായാണ് അറിയുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വിവരം അറിയിച്ച നാട്ടുകാര്‍ സംഘം ചേര്‍ന്ന് മലമുകളിലേക്ക് കയറി വെള്ളക്കെട്ടില്‍ പുലിയുടെ കാല്‍പാദങ്ങള്‍ വീക്ഷിച്ചു.
വണ്ടൂരിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ സുരേന്ദ്രന്‍ ഉടന്‍ സംഭവ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും അവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കി. സൈലന്റ്‌വാലിയില്‍ നിന്നും ഇറങ്ങിയതാവാം പുലികളെന്ന് കരുതുന്നു. പച്ചീരി മുത്തിപ്പുറം പാറ പ്രദേശമെല്ലാം തന്നെ ഉയര്‍ന്ന മലമ്പ്രദേശമാണ്. ഇതിന് താഴെയായി ആയിരത്തോളം കുടുംബങ്ങള്‍ ഉണ്ട്. ഇതിന് മുമ്പും തൊട്ടടുത്തുള്ള മുള്ള്യാകുര്‍ശിയില്‍ പുലിയിറങ്ങുകയും ഒരു ആടിനെ പുലി കടിച്ചുകൊല്ലുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21നാണ് സംഭവം. അതിന് ശേഷവും ഏകദേശം 12കിലോമീറ്ററോളം ചുറ്റളവ് വരുന്ന കൊണ്ടിപറമ്പ്, കീഴാറ്റൂര്‍, പന്തല്ലൂര്‍, ഒറവംമ്പുറം, വാഴങ്ങോട് എന്നിവിടങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.
മുള്ള്യാകുര്‍ശിയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം ഭയത്തിലായിരുന്നു. പുലിയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമര രംഗത്തുണ്ടായിരുന്നു. പിന്നീട് പുലിയെ പിടികൂടാന്‍ വലിയ കെണി ഒരുക്കിയിരുന്നുവെങ്കിലും അതിലൊന്നും വീഴാതെ പുലിയെ രക്ഷപ്പെടുത്തുകയായിരുന്നു. അതിന് ശേഷമാണ് പിന്നീട് മങ്കട വേരുംപുലാക്കലില്‍ പുലി ഭീഷണി ഉയര്‍ന്നത്. ഫോറസ്റ്റധികൃതരുടെ ഭാഗത്ത് നിന്നും നാട്ടുകാര്‍ക്ക് മതിയായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest