Connect with us

Kozhikode

പേരാമ്പ്ര ഫെസ്റ്റ് ബഹിഷ്‌കരിക്കും: യു ഡി എഫ്

Published

|

Last Updated

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഏകപക്ഷീയമായി സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റും അനുബന്ധ പരിപാടികളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ഭരണ സമിതിയിലെ യു ഡി എഫ് അംഗങ്ങളും നേതൃത്വവും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്തൊമ്പത് അംഗ ഭരണസമിതിയില്‍ പ്രതിപക്ഷത്തുള്ള ഒമ്പത് അംഗങ്ങള്‍ ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിലപാടില്‍ വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിട്ടും ഫെസ്റ്റ് നടത്താന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാരോപിച്ചാണ് ബഹിഷ്‌കരണം.
ഇന്ന് ഇതുമായി ബന്ധപ്പെട്ട് വൈകീട്ട് മൂന്നിന് നടക്കുന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ അറിയിച്ചു. വിവിധ മേഖലയില്‍ നിന്ന് കോടിക്കണക്കിന് രൂപ തനതു ഫണ്ട് ശേഖരണം നടക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
പേരാമ്പ്രയെ മുനിസിപ്പാലിറ്റിയാക്കുന്നതിനനുകൂലമായ നിലപാടുപോലും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലെന്നും യു ഡി എഫ് നേതൃത്വം ആരോപിച്ചു. രാജന്‍ മരുതേരി, എം കെ സി കുട്ട്യാലി, സിന്ധു കാപ്പുമ്മല്‍, മിനി വട്ടക്കണ്ടി, കെ ജാനു, പുതുക്കുടി അബ്ദുര്‍റഹ്മാന്‍, റശീദ് കോടേരിച്ചാല്‍, ടി സി പത്മനാഭന്‍, കെ കെ രാജന്‍, പി ടി ഇബ്‌റാഹിം, റശീദ് കോറോത്ത്, കെ കെ പ്രേമന്‍, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest