Connect with us

National

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തിനു ശേഷം ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തി. എ എ പി. എം എല്‍ എ മനീഷ് സിസോദിയക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചതായി സിസോദിയ പീന്നീട് വെളിപ്പെടുത്തി. രാജ്‌നാഥ് സിംഗിനെ ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തിയെന്ന കാര്യം അരവിന്ദ് കെജ്‌രിവാളും പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്നലെ വൈകുന്നരത്തോടെയാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായയി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയത്.
പൂര്‍ണ സംസ്ഥാന പദവിയുള്ള ഡല്‍ഹി എന്നതായിരുന്നു എ എ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. അതേസമയം, ഈ വിഷയത്തില്‍ നിന്ന് ബി ജെ പി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയിരുന്നു. പ്രകടന പത്രികയില്‍ പോലും ഈ വിഷയം ബി ജെ പി പരാമര്‍ശിച്ചിരുന്നില്ല.
ഇന്നലെ രാവിലെ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയ കെജ്‌രിവാള്‍, അംഗീകാരമില്ലാത്ത കോളനികള്‍, പൂര്‍ണ സംസ്ഥാന പദവി എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു. അംഗീകാരമില്ലാത്ത കോളനികള്‍ സംബന്ധിച്ച് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഈ വിഷയവുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി വികസന അതോറിറ്റി (ഡി ഡി എ), ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം സി ഡി), കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ സഹകരണം ആവശ്യമാണെന്ന് കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്ന സിസോദിയ പറഞ്ഞു. കൂടുതല്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ തുടങ്ങുന്നതിനും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി ഭൂമി ആവശ്യമുണ്ട്. ഇതിനായി ഡി ഡി എയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവിയുടെ കാര്യത്തില്‍ രാഷ്ട്രീയ ഐക്യം ഉണ്ടാക്കാന്‍ കഴിയുമെന്നും സിസോദിയ പറഞ്ഞു. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സര്‍ക്കാറിന് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി വെങ്കയ്യ നായിഡു പിന്നീട് അറിയിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതിയുമായി ഗൗരവ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രപതിഭവനിലെത്തിയ കെജ്‌രിവാളിന് രാഷ്ട്രപതി രണ്ട് പുസ്തകങ്ങള്‍ (ഇന്ത്യന്‍ ഭരണഘടന, തോട്ട്‌സ് ആന്‍ഡ് റിഫഌക്ഷന്‍സ്) സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഡല്‍ഹി ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. വിവിധ കക്ഷി നേതാക്കള്‍ ഇന്നലെയും കെജ്‌രിവാളിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി നല്ല നയങ്ങള്‍ അവതരിപ്പിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി പി എം സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം, ക്ഷണിച്ചിട്ടുണ്ടെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അന്നാ ഹസാരെ വ്യക്തമാക്കി. വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോയതിനാല്‍ ബി ജെ പിക്കെതിരായ വോട്ടാണ് എ എ പിക്ക് തുണയായതെന്നും ഹസാരെ പറഞ്ഞു.
ശനിയാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കെജ്‌രിവാള്‍ ക്ഷണിക്കുന്നുണ്ട്. ഇതിനായി ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയേക്കും.

Latest