ലോകകപ്പ് ക്രിക്കറ്റ്:ദ.ആഫ്രിക്കയെ കീഴടക്കി കിവീസിന്റെ മുന്നറിയിപ്പ്

Posted on: February 12, 2015 12:07 am | Last updated: February 12, 2015 at 12:07 am

Cricket_World_Cup_Logoഅഡലെയ്ഡ്്: ഐ സി സി ഏകദിന ലോകകപ്പ് ശനിയാഴ്ച ആരംഭിക്കാനിരിക്കെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. കിരീട ഫേവറിറ്റുകള്‍ തമ്മിലുള്ള പരിശീലനപ്പോരില്‍ 134 റണ്‍സിനാണ് ലോകകപ്പ് സംയുക്താതിഥേയരായ ന്യൂസിലാന്‍ഡിന്റെ ജയം.
50 ഓവറില്‍ എട്ട് വിക്കറ്റിന് 331 റണ്‍സാണ് കിവീസ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്ക 44.2 ഓവറില്‍ 197ന് എല്ലാവരും പുറത്തായി. 9.2 ഓവറില്‍ 51ന് അഞ്ച് വിക്കറ്റെടുത്ത ഇടംകൈയ്യന്‍ പേസര്‍ ട്രെന്റ് ബൗള്‍ട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
കാന്‍ വില്യംസണ്‍ (53 പന്തില്‍ 66), ബ്രെന്‍ഡന്‍ മെക്കല്ലം (45 പന്തില്‍ 59) എന്നിവര്‍ കിവീസ് സ്‌കോറിംഗിന് ദ്രുതവേഗമേകി. ശനിയാഴ്ച ഇതേ വേദിയില്‍ ശ്രീലങ്കയെ നേരിട്ടുകൊണ്ടാണ് ന്യൂസിലാന്‍ഡ് ലോകകപ്പ് ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ കിരീട സാധ്യതയുള്ള ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ജയം ന്യൂസിലാന്‍ഡ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഞായറാഴ്ച ദക്ഷിണാഫ്രിക്ക ആദ്യ കളിയില്‍ സിംബാബ്‌വെയെ നേരിടും.