ജനശ്രീ സംസ്ഥാന മിഷന്‍ സമ്മേളനം കണ്ണൂരില്‍

Posted on: February 12, 2015 3:59 am | Last updated: February 12, 2015 at 12:00 am

കണ്ണൂര്‍: ജനശ്രീ സുസ്ഥിര മിഷന്‍ എട്ടാം സംസ്ഥാന സമ്മേളനം 14,15,16 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.14 ന് രാവിലെ ഒമ്പത് മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ സംസ്ഥാന ചെയര്‍മാന്‍ എം എം ഹസന്‍ പതാക ഉയര്‍ത്തും.
തുടര്‍ന്ന് ജനശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണന മേളയും അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. 10 മണിക്ക് ജൈവ ക്യഷി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ കുറിച്ച് ചേമ്പര്‍ ഹാളില്‍ നടക്കുന്നസെമിനാര്‍ കൃഷി മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.15 ന് 3 30 ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ജനശ്രീ കുടുംബാംഗങ്ങളുടെ സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസംഗിക്കും.സംഗമത്തില്‍ മുപ്പതിനായിരമ പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കഥാകൃത്ത് ടി പത്മനാഭന്‍, പത്മശ്രീ സി കെ മേനോന്‍, ഗായിക സയനോര ഫിലിപ്പ്, 32 ഏക്കര്‍ തരിശ് ഭുമി നിബിഢ വനഭൂമിയാക്കിയ പി അബ്ദുല്‍കരീം, സംരംഭകരംഗത്ത് വിസ്മയം സ്യഷ്ടിച്ച എന്‍ ഭുവനേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും.
16 ന് 10 മണിക്ക് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 1500 പ്രതിനിധികള്‍ പങ്കെടുക്കും. 11 മണിക്ക് സ്ത്രീശാക്തീകരണ സെമിനാര്‍ എം ജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് ഐ എം എ കേരള ഘടകവുമായി സഹകരിച്ച് ജനശ്രീ നടപ്പാക്കുന്ന ആരോഗ്യസാക്ഷരതാ പരിപാടിയുടെ ഉദാഘാടനം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി, സുമാ ബാലകൃഷ്ണന്‍, വി എന്‍ എരിപുരം, എം രത്‌നകുമാര്‍, രാജീവന്‍ എളയാവൂര്‍ എന്നിവര്‍ പങ്കെടുത്തു.