Connect with us

Ongoing News

വരള്‍ച്ച നേരിടാന്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം

Published

|

Last Updated

>>>>വെള്ളിമാട്കുന്ന്- മാനാഞ്ചിറ റോഡ് വീതി കൂട്ടാന്‍ 25 കോടി

തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ശതമാനം വരെ തുക ചെലവഴിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കുടിവെള്ള സ്രോതസ്സുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ മേഖലകളിലേക്ക് വെള്ളം എത്തിക്കാനും ഈ തുക വിനിയോഗിക്കാമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അതത് ജില്ലകളില്‍ ചുമതലയുള്ള മന്ത്രിമാര്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാനത്ത് നടപ്പാക്കേണ്ട വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മന്ത്രിസഭാ യോഗം അന്തിമരൂപം നല്‍കും. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ റവന്യൂ അധികൃതര്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ നേതൃത്വം നല്‍കും.
സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് 150 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്- മാനാഞ്ചിറ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 25 കോടി രൂപ അനുവദിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. കൊല്ലത്ത് അടിപ്പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട യോഗം മുഖ്യമന്ത്രി ഉടന്‍ വിളിച്ചുചേര്‍ക്കും. ഇതു സംബന്ധിച്ച് നിരവധി സംഘടനകള്‍ നിവേദനം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
മണ്ണാര്‍കാട് സ്വകാര്യ കോളജില്‍ റാഗിംഗിന് വിധേയനായി കണ്ണിന്റെ കാഴ്ച നഷ്ടമായ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രി സൊസൈറ്റിക്ക് കീഴില്‍ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രി ആരംഭിക്കാന്‍ 64.8 ആര്‍ പുറമ്പോക്ക് ഭൂമി നല്‍കാനും യോഗം തീരുമാനിച്ചു. ആലപ്പുഴ കേരള സംസ്ഥാന ഹോമിയോപ്പതിക് കോ ഓപറേറ്റീവ് ഫാര്‍മസി ലിമിറ്റഡിന് 22.1 ആര്‍ ഭൂമി കൊടുക്കാനും തീരുമാനിച്ചു.