Connect with us

Ongoing News

കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു; ഭീതി വിട്ടകലാതെ ജനം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: നൂല്‍ പ്പുഴ മുക്കുത്തിക്കുന്ന് പുത്തൂര്‍ വയലിലെ ഭാസ്‌കരനെ കടിച്ചുകൊന്ന കടുവയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു.
കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ കടുവയെ തിരിച്ചറിഞ്ഞ ശേഷം മയക്ക് വെടി വെച്ച് പിടികൂടാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. തിങ്കളാഴ്ച വൈകീട്ടാണ് ഭാസ്‌കരനെ കടുവ കൊന്ന് തിന്നത്. സംഭവ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഇതില്‍ കടുവ കുടുങ്ങിയില്ല. മുക്കുത്തികുന്ന് വയല്‍ പ്രദേശത്തായിരുന്നു ആടിനെ ഇരയാക്കി കൂടുകള്‍ സ്ഥാപിച്ചത്.
കടുവ കൂട്ടില്‍ അകപ്പെടുമെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ ഉറച്ച വിശ്വാസം. പ്രദേശത്തു സ്ഥാപിച്ച നാല് ക്യാമറകളില്‍ നിന്ന് കടുവ പരിസരത്തെത്തിയാല്‍ ചിത്രങ്ങള്‍ ലഭിക്കും. ഈ ചിത്രങ്ങളും സംഭവസ്ഥലത്ത് നിന്നുള്ള കാല്‍ പാടുകളെല്ലാം പരിശോധിച്ച് കടുവയെ നിര്‍ണയിച്ചെടുക്കാനാണ് ശ്രമമാരംഭിച്ചത്. മയക്ക് വെടി വിദഗ്ധന്‍ കൂടിയായ വയനാട് വെറ്ററിനറി ഡോക്ടര്‍ അനില്‍ സക്കറിയ ഇന്നലെ വൈകീട്ട് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ തവണ ബത്തേരിയില്‍ കടുവ ഇറങ്ങിയപ്പോള്‍ കണ്ടെത്താനായി കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്ന് താപ്പാനകളും വിദഗ്ധരും എത്തിയിരുന്നു. ഇത്തവണ മുമ്പത്തേക്കാള്‍ ജനങ്ങളില്‍ ഭീതി വര്‍ധിച്ചതിനാല്‍ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. ബത്തേരി തഹസില്‍ദാര്‍ എം കെ അബ്രഹാമിന്റെയും മുത്തങ്ങ റെയിഞ്ചര്‍ ഇംതിയാസിന്റെയും സമയോജിത ഇടപെടലാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഇടയാക്കിയത്.

Latest