നിസാമിനെതിരെ കാപ്പ ചുമത്തിയേക്കും

Posted on: February 12, 2015 2:34 am | Last updated: February 11, 2015 at 11:34 pm

തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വ്യവസായി മുഹമ്മദ് നിസാമിന്റ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിസാമിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പേരാമംഗലം സി ഐ പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് നിസാമിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനിടയുണ്ട്. തൃശൂര്‍ പോലീസ് നിസാമിനെ കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം എറണാകുളം പോലീസിന്റെ അപേക്ഷയും കോടതി പരിഗണിക്കാനാണ് സാധ്യത. കൊച്ചിയില്‍ നിസാമിന്റെ ഫഌറ്റില്‍ നിന്ന് കൊക്കെയിന്‍ സഹിതം നടന്‍ ഷൈന്‍ ടോം ചാക്കോയെയും സഹസംവിധായികയടക്കം നാലു സ്ത്രീകളെയും പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് എറണാകുളം പോലീസ് നിസാമിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്.
ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്താനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ബെംഗളുരുവില്‍ നിസാമിനെതിരെ കാമുകി നല്‍കിയിട്ടുള്ള പീഡന കേസ് കേരളത്തിലെ കേസുകള്‍ക്കൊപ്പം അറ്റാച്ച് ചെയ്താണ് കാപ്പ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ മുഹമ്മദ് നിസാമിനെതിരെ കൈക്കൊള്ളാന്‍ പോലീസ് മുന്നോട്ടുപോകുന്നത്. ഇതു സംബന്ധിച്ച് ഗുരുവായൂരില്‍ എ സി പി, പേരാമംഗലം സി ഐ എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് വിശദമായ റിപ്പോര്‍ട്ട് കൈമാറി. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. കാപ്പ നിയമം ചുമത്തപ്പെടുകയാണെങ്കില്‍ തടവു ശിക്ഷയോ നാടുകടത്തലോ നിസാമിനു ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.