Connect with us

Kozhikode

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊല: ആയുധങ്ങള്‍ കണ്ടെത്തി

Published

|

Last Updated

നാദാപുരം: തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തി. രണ്ട് വടിവാള്‍, രണ്ട് കൈമഴു, വിദേശ നിര്‍മിത ടോര്‍ച്ച് എന്നിവയാണ് ചാലപ്പുറം കോടഞ്ചേരി റോഡിലെ തുണ്ടിയില്‍ പറമ്പിനോട് ചേര്‍ന്ന മണ്ടോളളതില്‍ മുക്കില്‍ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയത്. അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളായ അസ്‌ലം, ഇസ്മാഈല്‍ എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ അന്വേഷണോദ്യോഗസ്ഥരായ നാദാപുരം ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, നാദാപുരം സി ഐ എ എസ് സുരേഷ് കുമാര്‍, കുറ്റിയാടി സി ഐ ദിനേഷ് കോറോത്ത് , എസ് ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് പ്രതികളെ ചാലപ്പുറത്തേക്ക് കൊണ്ടുവന്നത്. മണ്ടോടി മുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം പോലീസിന് ഇസ്മാഈല്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ച് കൊടുത്തു. കാട് നിറഞ്ഞ അഴുക്ക് ചാലില്‍ ഇളം ചുവപ്പ് നിറത്തിലുളള ഷാളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍.
മരപ്പിടിയോട് കൂടിയ 67 സെന്റീ മീറ്റര്‍ നീളമുളള വടിവാള്‍, 43 സെന്റീ മീറ്റര്‍ നീളമുളളതും ഇരുമ്പ് പൈപ്പില്‍ ഘടിപ്പിച്ചതുമായ മൂര്‍ച്ചയേറിയ മഴു, 50 സെന്റീ മീറ്റര്‍ നീളവും കറുത്ത നിറത്തിലുളളതുമായ വിദേശ നിര്‍മിത ടോര്‍ച്ച് എന്നിവയാണ് കണ്ടെത്തിയത്.
പിന്നീട് പത്താം പ്രതി അസ്‌ലമിനെ പോലീസ് ജീപ്പില്‍ നിന്നിറക്കി വടിവാളും കൈമഴുവും പോലീസ് എടുപ്പിച്ചു. മരപ്പിടിയോട് കൂടിയ വാളിന് 78 സെന്റീ മീറ്റര്‍ നീളമുണ്ട്. ഇത് മൂര്‍ച്ച വരുത്തിയ നിലയിലായിരുന്നു. ഇസ്മാഈല്‍ ഉപയോഗിച്ച വാളില്‍ രക്തം കട്ടപിടിച്ച് കറുത്ത നിലയിലായിട്ടുണ്ട്.
നാദാപുരം ബസ്സ് സ്റ്റാന്‍ഡ് പരിസരത്തെ ചെപ്പോടങ്കണ്ടി മുസ്തഫ എന്ന മുത്തുവിന്റെ വീട്ടിലെത്തിച്ച് ഇസ്മാഈലിനെ പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകികളെ രക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മുസ്തഫ റിമാന്‍ഡില്‍ കഴിയുകയാണ്. അക്രമികള്‍ ഉപയോഗിച്ച കഠാരയും ഇരുമ്പ്ദണ്ഡും ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈവശമാണുളളതെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. കേസില്‍ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് സി ഐ പറഞ്ഞു. രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിലുളള മൂന്ന് പ്രതികളെയും ശനിയാഴ്ച കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.

Latest