Connect with us

Kozhikode

ആശുപത്രി വാര്‍ഡ് ദത്തെടുത്ത് നവീകരിച്ചു; എസ് വൈ എസ് പ്രവര്‍ത്തനം മാതൃകാപരമായി

Published

|

Last Updated

താമരശ്ശേരി: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി അറുപത് സര്‍ക്കാര്‍ ആശുപത്രികളിലെ അറുപത് വാര്‍ഡുകള്‍ ദത്തെടുത്ത് നവീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി താമരശ്ശേരി സോണ്‍ സാന്ത്വന കേന്ദ്രം താലൂക്കാശുപത്രി മാതൃശിശു സംരക്ഷണ വിഭാഗത്തിലെ വാര്‍ഡ് ദത്തെടുത്ത് നവീകരിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ അവതാളത്തിലായ വാര്‍ഡില്‍ ഫാബ്രിക്കേഷന്‍ പ്രവൃത്തികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചു. ഈ വാര്‍ഡിന്റെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികളും സാന്ത്വന കേന്ദ്രം നിര്‍വഹിക്കും.
നവീകരിച്ച വാര്‍ഡ് ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് താമരശ്ശേരി സോണ്‍ പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്ദല്‍, വള്ളിയാട് മുഹമ്മദലി സഖാഫി, എം എല്‍ എമാരായ വി എം ഉമര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുല്‍ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ്, താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുര്‍റഷീദ്, ബി സി ലുഖ്മാന്‍ ഹാജി, മുഹമ്മദ് ഹാജി ചുങ്കം, മുഹമ്മദലി കാവുംപുറം, മുനീര്‍ സഅദി പൂലോട് സംബന്ധിച്ചു. താലൂക്കാശുപത്രിയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന് എസ് വൈ എസ് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ 85 സാന്ത്വനം വളണ്ടിയര്‍മാര്‍ താലൂക്കാശുപത്രി കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എല്ലാ ദിവസവും മൂന്ന് വീതം വളണ്ടിയര്‍മാരാണ് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ സേവനം ചെയ്യുന്നത്. നിര്‍ധന രോഗികള്‍ക്കുള്ള മരുന്ന്, വാട്ടര്‍ബെഡ്, വീല്‍ചെയര്‍ തുടങ്ങിയവ സാന്ത്വന കേന്ദ്രത്തില്‍നിന്നും വിതരണം ചെയ്യുന്നുണ്ട്.

 

Latest