Connect with us

Malappuram

ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണം: പേരോട്

Published

|

Last Updated

കൊണ്ടോട്ടി: ആരോഗ്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. ആരോഗ്യം പൗരന്റെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്. അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മരുന്നുകളുടെ അനിയന്ത്രിതമായ വിലയും ആശുപത്രികള്‍ ഈടാക്കുന്ന കനത്ത ഫീസും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. രോഗത്തെ ഒരു കുറ്റമായി കാണുന്ന സാമൂഹിക മനോഭാവമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണങ്ങളാണ് രോഗിയെ കുറ്റവാളിയായി കാണാനുള്ള പ്രേരണ നല്‍കുന്നത്. സ്വകാര്യ ചികിത്സാരംഗത്ത് നടക്കുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നമുക്കു മുന്നിലുണ്ട്. ഇവയിലൊന്നും കാര്യക്ഷമമായുള്ള തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. മരുന്നു വിപണിയില്‍ സര്‍ക്കാര്‍ നേരിട്ടിടപെട്ട് വിലനിയന്ത്രിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പെടെയുള്ള ആശുപത്രികളിലെ ഫാര്‍മസികളില്‍ മുഴുവന്‍ മരുന്നുകളും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്നും പേരോട് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണമുള്ള സബ്‌സിഡി നല്‍കി ചികിത്സ ലഭ്യമാക്കണം.
ക്യാന്‍സര്‍ ഉള്‍െപ്പടെയുള്ള മാരക രോഗങ്ങളുടെ ചികിത്സ സാധാരണക്കാരന് ഒരു നിലക്കും താങ്ങാന്‍ കഴിയുന്നില്ല. ആര്‍ സി സി മാതൃകയില്‍ മലബാറില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിക്കണം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തണം. ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈവേ മാര്‍ച്ചിന് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പേരോട്.

Latest