കേന്ദ്ര സര്‍ക്കാറിന്റെ മൂക്കിന്‍ തുമ്പത്ത് മറുകായി ഡല്‍ഹി

Posted on: February 12, 2015 6:00 am | Last updated: February 11, 2015 at 11:18 pm

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെ തലസ്ഥാനം കൈവിട്ട അവസ്ഥയാണിത്. ഏറെ ജനകീയ പരിവേഷത്തോടെയും അഭിമാനത്തോടെയും കഴിഞ്ഞ ദിവസം വരെ അജയ്യനായി രാജ്യം വാണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ ഡി എ സര്‍ക്കാറിനെയും ഡല്‍ഹിയിലെ ജനങ്ങള്‍ എഴുതിത്തള്ളിയെന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ലളിത പാഠം. മൂക്കിന്‍ തുമ്പത്ത് മറുക് വീണ പോലെയായി ഡല്‍ഹിയില്‍ എ എ പിക്ക് ഭരണം ലഭിച്ചത്. അത് വിലക്ഷണമാണെന്ന് മാത്രമല്ല, കാഴ്ചയില്‍ നിന്ന് മറക്കുക പ്രയാസവുമാണ്.
ജമ്മു കാശ്മീരില്‍ വരെ വലിയ വിജയം നേടിയും റിപ്പബ്ലിക് ദിനത്തില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ വരെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചും ഏറെ ഉയരത്തില്‍ നിന്നുള്ള വന്‍ വീഴ്ചയായിപ്പോയി മോദിക്കും അമിത് ഷാക്കും. ഏകാംഗ പ്രടനത്തില്‍ ശോഭിക്കുന്ന ബി ജെ പി, ജനകീയ മുന്നേറ്റത്തിന് മുന്നില്‍ ഇപ്പോള്‍ വെറും കാഴ്ചക്കാരാണ്. വിജയം ഒരിക്കലും വെറുതെ കൈവെള്ളയില്‍ വന്നുവീഴില്ല എന്ന സന്ദേശമാണ് ഡല്‍ഹിയും നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി ജെ പി വീഴ്ത്തിയ വിയര്‍പ്പ് വറ്റാതെ ഡല്‍ഹിയിലും പ്രവര്‍ത്തിക്കേണ്ടിയിരുന്നു. മോദിയുടെ വ്യക്തി പ്രഭാവത്തിലും വാഗ്വിലാസത്തിലും വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്ന അമിത ആത്മവിശ്വാസം കാരണം രണ്ടക്കം പോലും കടക്കാതെ വലിയ നാണക്കേടിലേക്ക് പതിക്കേണ്ടി വന്നു.
സര്‍ക്കാര്‍ തലത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കില്‍ ബി ജെ പിക്ക് പ്രകടനം മെച്ചപ്പെടുത്താമായിരുന്നു. മോദി പ്രഭാവം ശൈശവ ദശയിലായിരുന്ന കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ സീറ്റ് ലഭിച്ച പശ്ചാത്തലത്തില്‍, കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ വരെ സര്‍ക്കാര്‍ തല തീരുമാനങ്ങള്‍ കൊണ്ടാകുമായിരുന്നു. ആഗോള എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കും വിപണിക്കുമല്ലാതെ ജനങ്ങള്‍ക്ക് അതിന്റെ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെങ്കിലും എണ്ണ വില കുത്തനെ കുറക്കാമായിരുന്നു. വിമാന ഇന്ധനത്തേക്കാള്‍ കൂടിയ വില കൊടുത്താണ് ബൈക്കിലും കാറിലും ജനങ്ങള്‍ എണ്ണയടിക്കുന്നതെന്ന സാമാന്യ ബോധം പോലും സര്‍ക്കാറിനുണ്ടായില്ല എന്നുവേണം കരുതാന്‍. ഇന്ധന വില കുറച്ചെങ്കില്‍ അവശ്യ സാധനങ്ങളുടെ വില തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും ജനങ്ങള്‍ക്ക് എളുപ്പമുണ്ടാകുമായിരുന്നു. എന്നാല്‍, വില കുറക്കാന്‍ എണ്ണക്കമ്പനികളുടെ മേല്‍ ചെറു സമ്മര്‍ദം പോലും ചെലുത്താന്‍ സര്‍ക്കാറിനായില്ല. പ്രത്യുത, സര്‍ക്കാര്‍ തീരുവ കൂട്ടി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതും ഒരളവ് വരെ പരാജയത്തിന് ഹേതുവായിട്ടുണ്ട്.