Connect with us

National

ശിവസേന- ബി ജെ പി ബന്ധം ഉലയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/മുംബൈ: ശിവസേനയും ബി ജെ പിയും തമ്മില്‍ മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഡല്‍ഹിയിലെ ബി ജെ പിയുടെ നാണം കെട്ട തോല്‍വിക്ക് ശേഷം രൂക്ഷമാകുന്നു. ശിവസേനാ മുഖപത്രമായ സാമ്‌നയിലെ വിമര്‍ശത്തിന് പിറകേ സേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു. യോഗത്തിലേക്ക് സേനാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. ബി ജെ പിയെ സംബന്ധിച്ചുള്ള പരാതികള്‍ യോഗത്തിന് മുമ്പാകെ വെക്കാന്‍ മന്ത്രിമാരോടും എം എല്‍ എമാരോടും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറില്‍ റവന്യൂ സഹമന്ത്രിയും സേനാ നേതാവുമായ സഞ്ജയ് റാത്തോഡ് തിങ്കളാഴ്ച രാജി സന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭയില്‍ ബി ജെ പിയുടെ അവഗണന സഹിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്നുമായിരുന്നു റാത്തോഡ്, ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച മറ്റൊരു മന്ത്രി രവീന്ദര്‍ വൈകാറും രാജി ഭീഷണി മുഴക്കി.
എന്നാല്‍ ഈ ആരോപണങ്ങള്‍ മുഖ്യമന്ത്രി ഫട്‌നാവിസ് തള്ളിക്കളഞ്ഞു. സഹമന്ത്രിമാര്‍ക്ക് എത്ര അധികാരം അനുവദിക്കണമെന്ന് കാബിനറ്റ് മന്ത്രിമാരാണ് തീരുമാനിക്കുന്നത്. അതില്‍ മുഖ്യമന്ത്രിക്കോ ബി ജെ പിക്കോ യാതൊരു പങ്കുമില്ല. സേനാ കാബിനറ്റ് മന്ത്രിമാരെ കുറിച്ച് ബി ജെ പിക്കും ഈ പരാതികള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.