പശ്ചിമേഷ്യന്‍ പ്രശ്‌ന പരിഹാരത്തിന് ഇറാന്റെ പങ്ക് നിര്‍ണായകം: റൂഹാനി

Posted on: February 12, 2015 3:10 am | Last updated: February 11, 2015 at 11:10 pm

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ നില നില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലോകത്തിന് ഇറാന്റെ സഹായം അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ടെഹ്‌റാനിലെ വിവാദമായ ആണവ പദ്ധതിയെ സൂചിപ്പിച്ചായിരുന്നു റൂഹാനിയുടെ പ്രസ്താവന. 1976 ലെ വിപ്ലവത്തിന്റെ വാര്‍ഷിക ആഘോഷത്തില്‍ ഒരു മാധ്യമത്തിലെ തത്സമയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാഖിലും സിറിയയിലും നടക്കുന്ന ശക്തമായ സംഘട്ടനങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലോക രാജ്യങ്ങളുമായി നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചയുടെ ഫലം നിര്‍ണായകമാണ് എന്നും റൂഹാനി പറഞ്ഞു.
മേഖലയില്‍ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കുന്നതിനും തീവ്രവാദത്തെ ഉന്മൂലനം നടത്തുന്നതിനും ഇറാനിന്റെ സാന്നിധ്യത്തെക്കാള്‍ മറ്റൊരു മാര്‍ഗമില്ലെന്ന് അദ്ദേഹം പറഞ്ഞു. റൂഹാനിയുടെ പ്രസംഗം വീക്ഷിക്കാന്‍ ആസാദീ സ്‌ക്വയറില്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ലബനാനിലും യമനിലും നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയും സിറിയയിലെയും ഇറാഖിലെയും തീവ്രവാദികള്‍ക്കെതിരെയും നിലനില്‍ക്കുന്ന പ്രതിരോധങ്ങളിലും ഇറാന്‍ ശക്തമായ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.