കൗമാര ഗര്‍ഭം തലവേദനയായി; പ്രണയദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തണമെന്ന് ബാങ്കോക്ക്

Posted on: February 12, 2015 2:09 am | Last updated: February 11, 2015 at 11:10 pm

ബാങ്കോക്ക്: വാലന്റൈന്‍ ദിനത്തില്‍ ലൈംഗിക കോപ്രായങ്ങള്‍ക്ക് മെനക്കെടാതെ ക്ഷേത്രദര്‍ശനം നടത്താന്‍ തായി യുവജനതയോട് ബാങ്കോക്ക് നഗര അധികൃതര്‍. പ്രണയദിനം ആചരിക്കാന്‍ ഇതാണ് നല്ല മാര്‍ഗമെന്നാണ് അധികൃതരുടെ ഉപദേശം. കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നായ തായ്‌ലാന്‍ഡില്‍ എച്ച് ഐ വി പകര്‍ച്ചാ നിരക്കും കൂടിയ തോതിലാണെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടൂറിസ്റ്റ് സൗഹൃദ നാടായ തായ്‌ലന്‍ഡില്‍ പാശ്ചാത്യ ഇറക്കുമതിയായ വാലന്റൈന്‍സ് ദിനം ഏറെ ആഘോഷപൂര്‍വമാണ് കൊണ്ടാടാറ്. എന്നാല്‍ ഈ ദിവസം കൗമാരക്കാര്‍ ലൈംഗിക വൃത്തിയിലേര്‍പ്പെട്ട് അരാജകമായി ആഘോഷിക്കുന്നതാണ് ബാങ്കോക്ക് മെട്രോപോളിറ്റന്‍ അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നത് തടയാനായി ഈ വര്‍ഷം അധികൃതര്‍ 80 ആരോഗ്യ കേന്ദ്രങ്ങളിലൂടെയും നഗരത്തിലെ ആശുപത്രികള്‍ വഴിയും 3.5 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണത്തിനായി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ വഴിയും ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. 2010ല്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിയ പദ്ധതി വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും സ്വാഗതം ചെയ്തിരുന്നുവെങ്കിലും രക്ഷിതാക്കള്‍ ഇതിനെതിരായിരുന്നു. മെഷീനുകള്‍ കുട്ടികളെ സെക്‌സിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുമെന്നാണ് ഇവരുടെ ഭയം.