Connect with us

Editorial

പദ്ധതി വിഹിത പ്രഖ്യാപനത്തിലെ പൊടിക്കൈ

Published

|

Last Updated

സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 27686.32 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയതായി മന്ത്രി കെ സി ജോസഫ് ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സംസ്ഥാനത്തിന്റെ വിഹിതം 20,000 കോടിയാണ്. വൈദ്യുതി ബോര്‍ഡിന് വകയിരുത്തിയ 1350 കോടി ഉള്‍പ്പെടെയാണിത്. ഇതൊഴിവാക്കിയാല്‍ സംസ്ഥാന വിഹിതം 18,650 കോടിയാകും. 4800 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത് . മൊത്തം പദ്ധതി വിഹിതത്തിന്റെ 25.74 ശതമാനം. ആസൂത്രണ കമ്മീഷന് പകരം കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച നീതി ആയോഗ് സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആസൂത്രണ കമ്മീഷന്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി ജനുവരിയോടെ സംസ്ഥാനങ്ങളുടെ പദ്ധതി വിഹിതം തീരുമാനിക്കാറുണ്ടായിരുന്നു. അത് തീരുമാനമായിട്ടില്ലെങ്കിലും കേരളത്തിന് വരും വര്‍ഷം 7686.32 കോടി കേന്ദ്രവിഹിതമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞവര്‍ഷത്തെ പദ്ധതി അടങ്കലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 16.66 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നാണ് സര്‍ക്കാറിന്റെ വാദമെങ്കിലും, കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചു സംഖ്യ ഉയര്‍ത്തിക്കാട്ടുകയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന വിഹിതം 20,000 കോടി രൂപയായിരുന്നു. ആ സംഖ്യയില്‍ ഇത്തവണ വര്‍ധന വരുത്തിയിട്ടില്ല. പതിനാലാം ധനകാര്യ കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരം കേന്ദ്ര വിഹിതം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്ന പ്രതീക്ഷയിലാണ് പദ്ധതിവിഹിതം ഉയര്‍ത്തിക്കാണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ പദ്ധതിവിഹിതത്തില്‍ ഗണ്യമായ വര്‍ധന വരുത്തിയതായി അവകാശപ്പെടാനാണ് ഇനിയും പ്രഖ്യാപിക്കാത്ത കേന്ദ്ര വിഹിതത്തെക്കുറിച്ചു ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തി ഇങ്ങനെയൊരു കണക്ക് അവതരിപ്പിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതി അടങ്കല്‍ പൂര്‍ണമായി വിനിയോഗിക്കാറില്ല. ഇതിന്റെ സിംഹഭാഗവും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ വെട്ടിക്കുറയ്ക്കാറാണ് പതിവ്. 2013-14 വര്‍ഷത്തില്‍ 17010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ 55 ശതമാനത്തോളമാണ് വിനിയോഗിച്ചത്. നികുതി പിരിവ് ലക്ഷ്യം കാണാതെ വരികയും ഭരണപരമായ ചെലവ് കൂടുകയും ചെയ്തതിനാല്‍ വര്‍ഷാവസാനം പദ്ധതി വിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാണ് നടപ്പു വര്‍ഷത്തെ സാമ്പത്തിക പ്രയാസം. 22762.53 കോടിയാണ് ഈ വര്‍ഷത്തെ പ്രഖ്യാപിത പദ്ധതി വിഹിതം. ഡിസംബര്‍ വരെയുള്ള ഒമ്പത് മാസത്തിനുള്ളില്‍ ചെലവിട്ടത് 7491.14 കോടിയും. അഥവാ 32.91 ശതമാനം മാത്രം. പദ്ധതി വിഹിതം പൂര്‍ണമായി വിനിയോഗിക്കണമെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസത്തിനിടയില്‍ 15271.38 കോടി രൂപ കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച 4700 കോടിയില്‍ വിനിയോഗിച്ചത് വെറും 1146.8 കോടിയാണ്. നടപ്പു വര്‍ഷത്തെ കേന്ദ്ര പദ്ധതികള്‍ 2762.53 കോടിയുടേതാണ്. ഇതില്‍ 907.21 കോടി മാത്രമേ ചെലവിട്ടുള്ളൂ. ശമ്പളവും പെന്‍ഷനും നല്‍കാനും മറ്റു ഭരണച്ചെലവുകള്‍ക്കും മാസാമാസം സര്‍ക്കാര്‍ കടം വാങ്ങുകയാണെന്നിരിക്കെ പദ്ധതി വിഹിതത്തിലെ അവശേഷിക്കുന്ന തുക സമാഹരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്ത്യം. ഫലമോ; പ്രഖ്യാപിത പദ്ധതി വിഹിതത്തിന്റെ അമ്പത് ശതമാനം പോലും വിനിയോഗിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് അടുത്ത വര്‍ഷത്തേക്ക് സംസ്ഥാന വിഹിതമായി സര്‍ക്കാര്‍ 20,000 കോടി രൂപ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രയാസം പരിഗണിച്ചു അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കലിലെ സംസ്ഥാന വിഹിതം 17816 കോടി രൂപയായി വെട്ടിക്കുറക്കണമെന്ന് ധനവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. ഈ സംഖ്യ തന്നെ കണ്ടെത്താന്‍ മാര്‍ഗമുണ്ടായിട്ടില്ല. കൂടുതല്‍ കുറവ് വരുത്തുന്നത് പ്രതിപക്ഷത്തിന് മികച്ചൊരു ആയുധമായേക്കുമെന്ന ശങ്കയിലാണ് ധനവകുപ്പ് അത്രയും സംഖ്യ നിര്‍ദേശിച്ചതു തന്നെ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പദ്ധതിവിഹിതം കുറയ്ക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ആസൂത്രണബോര്‍ഡിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് നടപ്പു വര്‍ഷത്തെ അതേ തുകയായ 20,000കോടി തന്നെ വകയിരുത്തുകയാണുണ്ടായത്.
കൃഷി, വിദ്യാഭ്യാസം, പൊതുമരാമത്ത്, ശാസ്ത്രസേവനം, ഗവേഷണം, ഉള്‍നാടന്‍ ജലഗതാഗതം, വിവരസാങ്കേതിക വിദ്യ, ഇ ഗവേണന്‍സ്, ശുദ്ധജല വിതരണം, പൊതുജനാരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകള്‍ക്ക് അടുത്ത വാര്‍ഷിക പദ്ധതിയില്‍ മുന്തിയ പരിഗണന നല്‍കിയതായി സര്‍ക്കാര്‍ പറയുന്നു. പ്രഖ്യാപനത്തില്‍ പരിഗണന നല്‍കിയത് കൊണ്ടെന്ത് കാര്യം? ഈ തുക പൂര്‍ണമായും വിനിയോഗിച്ച് പദ്ധതികള്‍ യഥാവിധി നടപ്പാക്കിയെങ്കിലല്ലേ സംസ്ഥാനത്ത് വികസനവും ജനങ്ങള്‍ക്ക് ക്ഷേമവും കൈവരികയുള്ളു? സമാഹരിക്കാനാകില്ലെന്ന് സര്‍ക്കാറിന് ബോധ്യമുള്ള വന്‍തുക പ്രഖ്യാപിച്ചു എന്തിനാണ് ജനങ്ങളെ വഞ്ചിക്കുന്നത്?

Latest