Connect with us

Gulf

വിമാന ടിക്കറ്റ് റദ്ദ് ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ്

Published

|

Last Updated

ദുബൈ: വിമാന ടിക്കറ്റ് റദ്ദ് ചെയ്യുന്നവരില്‍ നിന്നും പണം ഈടാക്കില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ്. ബുക്ക് ചെയ്ത് ഒരു ദിവസത്തിനകം യാത്രാ തീയതി മാറ്റുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും ഒരു തുകയും ഈടാക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്നും വിമാനക്കമ്പനികള്‍ 5000 രൂപയാണ് പിഴയായി ഈടാക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാനായി വിമാന കമ്പനികള്‍ തമ്മിലുള്ള കിടമത്സരമാണ് ജെറ്റ് എയര്‍വേഴ്‌സിന്റെ പുതിയ നീക്കത്തിന് കാരണം. അന്താരാഷ്ട്ര യാത്രക്കുള്ള ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 5000 രൂപയായിരുന്നു ജെറ്റ് എയര്‍വേയ്‌സ് ഈടാക്കിയിരുന്നത്. യാത്രാ തീയ്യതി മാറ്റാന്‍ 3000 രൂപയും. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇത് 1750 രൂപയായിരുന്നു.
എന്നാല്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യുന്നവരില്‍ നിന്നും ഇനി മുതല്‍ യാതൊരു ഫീസും ഈടാക്കില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍ വഴി കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സൈറ്റിലെ മാനേജ് ബുക്കിങ് ഫെസിലിറ്റി ഇതിനായി ഉപയോഗിക്കാം.അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെയും ആഭ്യന്തര സര്‍വീസുകള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പ് വരെയും ടിക്കറ്റുകള്‍ റദ്ദാക്കാനോ തീയതി മാറ്റാനോ അവസരമുണ്ട്.