Connect with us

International

അമേരിക്കയിലെ കരോലിന യൂനിവേഴ്‌സിറ്റിയില്‍ മൂന്ന് മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവെച്ചു കൊന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ കരോലിന്‍ യൂനിവേഴ്‌സിറ്റിയിലെ മൂന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ വെടിയേറ്റ് മരിച്ചു. ദിയാ ശാദി ബറകാത്(23), ഇദ്ദേഹത്തിന്റെ ഭാര്യ യസൂര്‍ മുഹമ്മദ്(21), റസാന്‍ മുഹമ്മദ് അബൂ സ്വാലിഹ(19) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. വടക്കന്‍ കരോലിനയിലെ യൂനിവേഴ്‌സിറ്റി കോപ്ലംക്‌സില്‍ വെച്ചാണ് അക്രമി വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന അക്രമിയെ പോലീസ് പിടികൂടി. ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സ്(46)ആണ് പിടിയിലായതെന്നും ഇയാളെ ദുര്‍ഹാം കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചതായും പ്രാദേശിക പോലീസ് പറഞ്ഞു. ഇസ്‌ലാമിനെതിരെ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് 5.15നാണ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവെപ്പുണ്ടായ കാര്യം പോലീസ് അറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബറകാത് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ ഭാര്യയും ഇവിടെ പഠനം ആരംഭിക്കാനിരിക്കുകയായിരുന്നുവെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് അബൂ സ്വാലിഹ. അപകടം നടന്ന പ്രദേശം വളരെ ശാന്തമായിരുന്നുവെന്ന് ഇവിടുത്തെ വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിന് ശേഷം, കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാത്ത പാശ്ചാത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

Latest