Connect with us

Gulf

38 വര്‍ഷ പ്രവാസത്തിന് വിരാമം; ബാവ നാട്ടിലേക്ക്

Published

|

Last Updated

ദുബൈ: 15 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതവും 23 വര്‍ഷത്തെ ദുബൈ ജീവിതവും ഓര്‍മയാക്കി കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി അറക്കപറമ്പില്‍ കുടുംബാംഗമായ ബാവ നാട്ടിലേക്ക്.
വിപുലമായ സൗഹൃദ വലയം കാത്തുസൂക്ഷിക്കുന്ന ബാവ, തൊഴില്‍തേടി ദുബൈയിലെത്തുന്നവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കാന്‍ മുന്നിലുണ്ടായിരുന്നു. നാട്ടില്‍ നിന്നെത്തുന്ന സഹായാഭ്യര്‍ഥനകള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു സഹായങ്ങള്‍ എത്തിക്കാന്‍ സ്വന്തംകാര്യം പോലെ ഓടിനടക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ഇദ്ദേഹം. 15 വര്‍ഷം മുമ്പ് നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടാക്കി രണ്ടു വര്‍ഷം മുമ്പുവരെ തുടര്‍ച്ചയായി അതിന്റെ കാര്യദര്‍ശിയായിരുന്നു.
വിധവകള്‍ക്കും, മാരകരോഗത്താല്‍ തുടര്‍ച്ചയായി ചികിത്സയിലുള്ളവര്‍ക്കും പെന്‍ഷന്‍ മാതൃകയില്‍ മാസംതോറും സഹായങ്ങള്‍, രോഗികള്‍ക്കും, സാമ്പത്തിക പരാധീനര്‍ക്കും വിപുലമായ സഹായങ്ങള്‍ തുടങ്ങിയവയൊക്കെ നല്ലനിലയില്‍ നടത്താന്‍ വെള്ളങ്ങല്ലുര്‍ മഹല്ല് അസോസിയേഷന്‍ എന്ന പേരില്‍ രൂപികരിച്ച സംഘടനക്കു വേണ്ടി ഓടിനടന്നു ബാവ. കൂലിവേലക്കാരും, സാധാരണക്കാരും തിങ്ങി താമസിക്കുന്ന മുസാഫരികുന്നിലെ വെള്ളത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന കരൂപടന്നയിലെ ഉയര്‍ന്ന പ്രദേശത്ത് രണ്ടുലക്ഷത്തോളം രൂപ ചിലവില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കുടിവെള്ള പദ്ധതി സ്ഥാപിക്കുകയുണ്ടായി.
ശക്തമായ ഒരു കൂട്ടായ്മയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നാട്ടുകാര്‍ക്ക് ചെയ്തുവെച്ചാണ് ബാവയുടെ മടക്കം. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പരസ്യ കമ്പനിയുടെ പി ആര്‍ ഒ ആയി ജോലി ചെയ്തു വരവെയാണ് മടങ്ങുന്നത്. തൊഴില്‍ മേഖല തന്റെ ജീവകാരുണ്യ കര്‍മമണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൗകര്യം ഒരുക്കി. തന്റെ സ്‌പോണ്‍സര്‍മാര്‍ സഹോദരതുല്യ സ്‌നേഹം പകര്‍ന്നു നല്‍കിയെന്നതാണ് അദ്ദേഹത്തിന് എടുത്തുപറയാനുള്ളത്. സംഘടന പ്രവര്‍ത്തനത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നു അതിലൂടെ പലതും ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം തിരിച്ചുപോക്കിന് മധുരം നല്‍കുന്നുവെന്ന് ബാവ പറഞ്ഞു. സുലൈഖയാണ് ഭാര്യ. ഷാര്‍ജയില്‍ ഡബ്ലിയു എസ് അഡ്കിന്‍സ് കണ്‍സല്‍ട്ടിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന അസ്‌ലം മകനാണ്. സഫീറ, ഫാത്തിമ ന്നീ രണ്ട് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്.

Latest