മോട്ടോര്‍സൈക്കിള്‍ വിലയെക്കുറിച്ചുതര്‍ക്കം; സ്വദേശി കുത്തേറ്റ് മരിച്ചു

Posted on: February 11, 2015 8:00 pm | Last updated: February 11, 2015 at 8:06 pm

killദുബൈ: മോട്ടോര്‍സൈക്കിളിന്റെ വിലയിലുണ്ടായ തര്‍ക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് സ്വദേശിയായ സുഹൃത്തിനെ അപരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അല്‍ മുറഖബാദ് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുകയും സ്വദേശിക്ക് കുത്തേല്‍ക്കുകയുമായിരുന്നു. കുത്തിയ സുഹൃത്തിനും ഏറ്റുമുട്ടലില്‍ പരുക്കേറ്റിരുന്നു. മരിച്ച വ്യക്തി സുഹൃത്തില്‍ നിന്നു വാങ്ങിയ മോട്ടോര്‍സൈക്കിളിനായി കൊടുത്തു തീര്‍ക്കേണ്ട തുകയുടെ കാര്യത്തിലായിരുന്നു ഇരുവരും പോരടിച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് മരിച്ച വ്യക്തി സുഹൃത്തിനെ കുത്തുകയും മുറിവേറ്റയാള്‍ കത്തി പിടിച്ചെടുത്ത് അടിവയറ്റില്‍ ഇറക്കുകയുമായിരുന്നു. കൊലനടത്തിയ വ്യക്തിയുടെ സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. തന്റെ സഹോദരന്‍ വിറ്റ മോട്ടര്‍സൈക്കിളിന് സുഹൃത്ത് പണം നല്‍കിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട സംസാരമാണ് വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞിരുന്നു.
കുത്തേറ്റ സ്വദേശിയെ ആശുപത്രിയില്‍ എത്തിച്ചതും ഫോണ്‍ ചെയ്തതും ഇയാളായിരുന്നു. എന്നാല്‍ മാരകമായ കുത്തേറ്റതിനാല്‍ ആശുപത്രിക്കുള്ള വഴി മധ്യേ മരിക്കുകയായിരുന്നു. പതിനായിരം ദിര്‍ഹത്തില്‍ താഴെ വരുന്ന മോട്ടോര്‍സൈക്കിളിനായാണ് സ്വദേശികളായ സുഹൃത്തുക്കള്‍ വഴക്കടിച്ചതും കൊലപാതകത്തില്‍ കലാശിച്ചതുമെന്ന് പോലീസ് വിശദീകരിച്ചു.