Connect with us

Gulf

തിരഞ്ഞെടുപ്പ് 26ന്; ഐ എസ് സി പ്രചാരണ ചൂടില്‍

Published

|

Last Updated

അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ പ്രധാന കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍ (ഐ എസ് സി) തിറഞ്ഞെടുപ്പ് ഈ മാസം 26ന് നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ശക്തമായ മത്സരമാണ് ഈ വര്‍ഷം. 14 സീറ്റില്‍ എട്ട് സിറ്റിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ബാക്കിയുള്ള ആറ് സീറ്റിലേക്കാണ് മത്സരം. പ്രസിഡന്റ്, വൈ. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് ജന. സെക്രട്ടറി, ട്രഷറര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം. ഇതില്‍ പ്രസിഡന്റ്, ജന. സെക്ര, ട്രഷറര്‍ സ്ഥാനങ്ങളിലേക്കാണ് ശക്തമായ മത്സരം നടക്കുന്നത്. സോഷ്യല്‍ മീഡിയകളും, വിവരം അറിയിച്ച് പിന്തുണ അഭ്യര്‍ഥിച്ചുള്ള മെയിലുകളും പൊതുപരിപാടികളുമാണ് പ്രചരണത്തിനായി സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റുമാരായ രമേശ്. വി പണിക്കറും എം തോമസ് വര്‍ഗീസുമാണ് മത്സരിക്കുന്നത്. രണ്ട് പേരും കഴിഞ്ഞ ഭരണകാലത്ത് നടപ്പിലാക്കിയ വികസന പദ്ധതികളാണ് ഉയര്‍ത്തിക്കാട്ടുന്നത്. രണ്ട് പേരും പ്രചരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണത്തിന് വേഗംകൂട്ടുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേര് മത്സരിക്കുന്നുണ്ട്. ജയറാം റായ് മിത്രം പടി, രാജാബാലകൃഷ്ണ, എം ഐ ഷുജായ് എന്നിവരാണ്. ഇവരും ശക്തമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
മുന്‍ജനറല്‍ സെക്രട്ടറിയും പയ്യന്നൂര്‍ സ്വദേശിയുമായ എം എ സലാമും, നിലവിലെ സ്‌പോര്‍ട്‌സ് സെക്രട്ടറി മാത്യു വര്‍ഗീസും തമ്മിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. വ്യക്തി ബന്ധങ്ങള്‍കൊണ്ട് രണ്ടുപേരും മുന്‍പന്തിയിലാണ്. സലാം അംഗങ്ങളെ നേരില്‍കണ്ടാണ് വോട്ട് അഭ്യര്‍ഥിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് രണ്ട് പേരും പ്രചരണത്തിന് ഉപയോഗിക്കുന്നത്. വ്യക്തിബന്ധങ്ങള്‍ നിര്‍ണായകമാണ്.
ട്രഷറര്‍ സ്ഥാനത്തേക്ക് നിലവിലെ ട്രഷറര്‍ റഫീഖ് പി കയനയിലും, ടി എന്‍ കൃഷ്ണനും തമ്മിലാണ് മത്സരം. മൂന്നാമത്തെ പ്രാവശ്യമാണ് റഫീഖ് മത്സരരംഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് പ്രാവശ്യവും ട്രഷറര്‍ ആയത് കൊണ്ട് തന്നെ മാറി നില്‍ക്കണമെന്ന അഭിപ്രായക്കാരാണ് അംഗങ്ങളിലധികവും. വ്യക്തി ബന്ധങ്ങള്‍ ഏറെയുള്ളത് കൊണ്ട് പ്രചാരണ രംഗത്ത് കൃഷ്ണന്‍ ഏറെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് പ്രാവശ്യത്തെ പ്രവര്‍ത്തനം റഫീഖിന് പ്രതികൂലമാകുവാനാണ് സാധ്യതയെന്ന് അംഗങ്ങള്‍ പറയുന്നു.
അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജി രവിന്ദ്രന്‍ നായരും എസ് സജികുമാറും തമ്മിലും സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് സി ജോര്‍ജ് വര്‍ഗീസും അരുണ്‍കുമാര്‍ മോഹതും തമ്മിലുമാണ് മത്സരം. അസി. സ്‌പോര്‍ട്‌സ് സെക്രട്ടറി ആയി മുഹമ്മദ് യൂനുസ് ഉസ്മാനും ഓഡിറ്റര്‍ ആയി എം കെ സുരേഷ് കുമാറും എന്റര്‍ടൈമെന്റ് സെക്രട്ടറി ആയി ജോസഫ് ജോര്‍ജും അസി. സെക്രട്ടറി ആയി രാജേഷ് ശ്രീധരനും അസി. ഓഡിറ്റര്‍ ആയി മുഹമ്മദ് സാലി ശാഫിയും ലൈബ്രറി സെക്രട്ടറി സ്ഥാനത്തേക്ക് ഗുഡ്‌ഫ്രെ പി ആന്റണിയും അസി. ട്രഷര്‍ ആയി ദിലീപ്കുമാര്‍ മുണ്ടയാടും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
2,300 അംഗങ്ങളാണ് ഐ എസ് സിയിലെ നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ 2,038 പേരാണ് വോട്ട് ചെയ്തത്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് അബുദാബിയിലെ ഇന്ത്യന്‍ സമൂഹം ഉറ്റുനോക്കുകയാണ്.

Latest