Connect with us

Gulf

എ എ പി വിജയം; പ്രതികരണങ്ങള്‍

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ കണ്ണുതുറപ്പിക്കുന്ന പ്രകടനമാണ് ആം ആദ്മി പാര്‍ട്ടി നടത്തിയതെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം മേധാവി രമേശ് പയ്യന്നൂര്‍.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സന്നദ്ധതയുള്ള രാഷ്ട്രീയ കക്ഷിയെ ഇരുകൈയും നീട്ടി ജനങ്ങള്‍ സ്വീകരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഡല്‍ഹി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോയതാണ് എ എ പി വിജയത്തിന് ഹേതു. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് എ എ പിയിലും നേതാവ് അരവിന്ദ് കെജ്‌രിവാളിലും അര്‍പിച്ചിരിക്കുന്നത്- രമേശ് പയ്യന്നൂര്‍ പറഞ്ഞു.
ജനങ്ങളുമായി ആശയ വിനിമയം എന്ന പേരില്‍ എ എ പി ടീം ഓരോ പ്രദേശത്തും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി എ എ പി അനുഭാവി അജ്മാനിലെ അസീസ് ദാസ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഫലമാണ് വന്നിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ എ എ പി തരംഗം ആഞ്ഞുവീശുമെന്നും അസീസ് ദാസ് പറഞ്ഞു.
സാധാരണക്കാരന്റെ ശബ്ദമാണ് ഡല്‍ഹിയില്‍ ഉയര്‍ന്നതെന്നും ഈ വിജയത്തില്‍ സാധാരണക്കാരന് ഏറെ സന്തോഷിക്കുവാനും ആഘോഷിക്കുവാനുമുണ്ടെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു.
“സാധാരണക്കാരന്റെ ശബ്ദമാണ് ഡല്‍ഹിയില്‍ ജനവിധിയിലൂടെ ഇപ്പോള്‍ ഇന്ത്യയാകെ മുഴങ്ങുന്നത്. അതിന്റെ മാറ്റൊലി രാജ്യമാകെ പടരുകതന്നെ ചെയ്യും. അത് അനിവാര്യമായ മാറ്റമാണെന്ന് ആം ആദ്മി പാര്‍ടി പ്രവര്‍ത്തകന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഫൈസല്‍ വ്യക്തമാക്കി.
“ഇന്ത്യ ജയിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം അതിജയിക്കുന്നു. എല്ലാതരം അപ്രമാദിത്തങ്ങളെയും ജനങ്ങള്‍ ഒന്നിച്ചെതിര്‍ത്തു തോല്‍പിക്കുന്നതിന്റെ അടയാളമാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയം. ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ സമ്പന്ന വര്‍ഗത്തോടൊപ്പമാണെന്ന് അവര്‍ പറഞ്ഞത് വെറുതെയല്ല. ഉപരിതലത്തിലെ മോഡിയഭ്യാസങ്ങളില്‍ കണ്ണുമഞ്ഞളിക്കാതെ ഇടത്തരക്കാരും പാവങ്ങളും വസ്തു നിഷ്ഠമായി വിധിയെഴുതുന്നു. ഫൈസല്‍ പറഞ്ഞു. നമ്മുടെ ജനായത്തപാതകളില്‍ ഒരു സാധാരണക്കാരനായ തൂപ്പുകാരനെയും ചൂലിനെയും ജനം ഏറ്റെടുക്കുകയായിരുന്നു” സാമൂഹിക പ്രവര്‍ത്തകന്‍ കെ കെ മൊയ്തീന്‍ കോയ വ്യക്തമാക്കി.
“യഥാര്‍ഥത്തിലുള്ള ഘര്‍വാപസി നടന്നത്, ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലോ കേരളത്തിലെ ആലപ്പുഴയിലോ അല്ല. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്. എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി മതേതരത്വം എന്ന ഘറിലേക്കുള്ള ജനങ്ങളുടെ മടങ്ങിപ്പോക്ക്- മൊയ്തീന്‍ കോയ പറഞ്ഞു. രാജ്യം മുഴുവന്‍ ഘര്‍വാപസി ഉണ്ടാകണമെന്ന് തിരുവനന്തപുരം വര്‍ക്കലസ്വദേശി ജോര്‍ജ് പറഞ്ഞു.
ഇത് നന്മയുടെയും സത്യത്തിന്റെയും ഡല്‍ഹി ജനതയുടെയും വിജയമാണ്. ഇന്ന് കോണ്‍ഗ്രസും ബി ജെ പിയും അനുഭവിക്കുന്നത് അവരുടെ അഹങ്കാരത്തിന്റെ ഫലമാണെന്ന് തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഫിലിപ്പ് പറഞ്ഞു.
“ഫോട്ടോഷോപ്പ് വിപ്ലവത്തിന്റെ അന്ത്യമാണ്. ജനകീയ ജനാധിപത്യത്തിന്റെ വസന്തമാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ വിജയമെന്ന് കാസര്‍കോട് കോട്ടപ്പുറം സ്വദേശി സ്വാബിര്‍ പറഞ്ഞു.
ഒന്നിച്ച് ചൂലെടുത്താല്‍ കേരളത്തില്‍ നിന്നും രാഷ്ട്രീയ മാലിന്യങ്ങളെ വൃത്തിയാക്കാമെന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശി രതീഷ് പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഡല്‍ഹിയെ കൈപിടിയിലൊതുക്കിയിരുന്ന കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ വട്ട പൂജ്യമായി. ഈ വിധി ഇന്ത്യയിലെ സാധാരണക്കാര്‍ ആഗ്രഹിിച്ച വിധിയാണ്. മതനിരപേക്ഷ ഇന്ത്യ നിലനിന്നുകാണുവാനുള്ള വിധിയാണിതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സഫറുല്ല പാലപ്പെട്ടി പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ബി ജെ പിയുടെ വഞ്ചനക്കേറ്റ തിരിച്ചടിയാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി കോണ്‍ഗ്രസ് നേതാവ് കെ സി അബൂബക്കര്‍ പറഞ്ഞു.
അടിസ്ഥാന പ്രശ്‌നങ്ങളെ മറന്ന് ഭരണാധികാരികള്‍ എത്തു പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാലും അത് ജനം തള്ളിക്കളയുമെന്ന് വി ടി വി ദാമോദരന്‍. ജനങ്ങള്‍ക്ക് വേണ്ടത് വെള്ളവും വെളിച്ചവും ഭക്ഷണവും സുരക്ഷിതത്വവുമാണ്. അല്ലാതെ ആണവ കാരാറല്ല- ദാമോദരന്‍ പറഞ്ഞു.
ഡല്‍ഹി നിയമ സഭയിലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ ദുബൈ ഐ എം സി സി ഭാകവാഹികള്‍ നിയുക്ത ദല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആശംസകള്‍ നേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ കുറെയേറെ പണവും സ്വാധീനവും ഒഴുക്കിയിട്ടും ദല്‍ഹിയിലെ ജനം ജനാധിപത്യത്തില്‍ കൂടുതല്‍ വിശ്വാസ്യത കാണിച്ചു മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിച്ചു കൊണ്ടും തന്നെ കോണ്‍ഗ്രസ്സിനേയും ബി ജെ പിയെയും ഡല്‍ഹിയില്‍ നിന്നും നാട്കടത്തി എന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുവെന്നും ഐ എം സി സി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു