ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വം

Posted on: February 11, 2015 8:00 pm | Last updated: February 11, 2015 at 8:00 pm

AAPമഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തെ ഗള്‍ഫിലെ ഇന്ത്യക്കാര്‍ വിലയിരുത്തുന്നത്. ഭരണയന്ത്രത്തെയോ മാധ്യമങ്ങളെയോ സാമുദായിക ശക്തികളെയോ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ല. ഏത് സാഹചര്യത്തിലും അലംഘനീയമാണത്.

സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് എന്നപോലെയാണ് മലയാളികളടക്കം ഇന്ത്യക്കാരെല്ലാം വോട്ടെണ്ണലിനെ നോക്കിക്കണ്ടത്. പുലര്‍ച്ചെ തന്നെ മിക്കവാറും ആളുകള്‍ റേഡിയോക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും മുന്നിലായിരുന്നു. ആം ആദ്മി പാര്‍ടിയും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഡല്‍ഹിയില്‍ ആര് അധികാരത്തില്‍ എത്തുമെന്നത് ഏവരും ഉറ്റുനോക്കി. എ എ പിക്ക് ഭൂരിപക്ഷം കിട്ടിയാലും ബി ജെ പി 25 ഓളം സീറ്റുകള്‍ നേടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ, കോണ്‍ഗ്രസിനേറ്റതിനെക്കാള്‍ തിരിച്ചടി ബി ജെ പിക്ക് ലഭിച്ചു. ഗള്‍ഫിലെ ഇന്ത്യക്കാരെയും അത് അല്‍ഭുതപ്പെടുത്തി. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആം ആദ്മി പാര്‍ടിയുടെ വിജയം ആഹ്ലാദമുണ്ടാക്കി. ഓണ്‍ലൈനില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ടും ഘര്‍വാപസിയും മറ്റും പരിഹാസ്യമായി.
ഘര്‍വാപസി അടക്കം ജനവിരുദ്ധമായ പല കുത്സിത പരിപാടികളും ആസൂത്രണം ചെയ്യപ്പെട്ട ഇന്ത്യയില്‍ വിവിധ ജാതിമതസ്ഥര്‍ ഒറ്റക്കെട്ടായി ഒരു കക്ഷിയെ അധികാരത്തിലേറ്റിയ സന്തോഷം ഏവരും പങ്കുവെച്ചു. ബി ജെ പി ഇത്രത്തോളം തകര്‍ന്നുപോകുമെന്ന് ബി ജെ പി അനുഭാവികള്‍ പോലും പ്രതീക്ഷിച്ചില്ല. പ്രധാന പ്രതിപക്ഷ കക്ഷി ആയെങ്കിലും പ്രതിപക്ഷനേതൃ പദവി ബി ജെ പിക്ക് ലഭ്യമാകാത്ത വിധം ജനങ്ങള്‍ പ്രതികരിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള 12 മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ടിയാണ് വിജയിച്ചത്. ഡല്‍ഹി ഇമാമിനെ തള്ളിപ്പറയാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കരുത്ത് നല്‍കിയത് ന്യൂനപക്ഷങ്ങളും പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നിട്ടുണ്ട് എന്ന ഉത്തമ വിശ്വാസമായിരുന്നു. അത് ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലം കാണിച്ചു.
മൂന്ന് തരത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ജനഹിത പരിശോധനയായി തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടവരുണ്ട്. മൂന്നാം ബദല്‍ ഇന്ത്യയില്‍ സാധ്യമാണോ എന്ന് അന്വേഷിച്ചവരുണ്ട്. ഒരിക്കല്‍ ഇട്ടെറിഞ്ഞ് പോയ ഭരണം ആം ആദ്മി പാര്‍ടിക്ക് തിരിച്ച് കിട്ടുമോ എന്ന് ചോദിച്ചവരുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയത്.
ഏതാനും മാസം മുമ്പ് മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നരേന്ദ്ര മോദിയെ മുന്‍ നിറുത്തിയാണ് ബി ജെ പി വോട്ട് പിടിച്ചിരുന്നത്. അത് ഒരളവോളം വിജയിക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിരുദ്ധ വികാരം കനത്ത തോതില്‍ പിന്നെയും തുടര്‍ന്നു. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലാണ് ബി ജെ പി വിജയിക്കുന്നതെന്ന വിലയിരുത്തലാണ് ബി ജെ പി കോണില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നത്. അതേ അളവുകോലാണ് ഡല്‍ഹിയിലും ആദ്യം ബി ജെ പി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. നരേന്ദ്ര മോദിയുടെ കക്ഷിയെ ഡല്‍ഹിയിലും അധികാരത്തിലെത്തിക്കണമെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആഹ്വാനങ്ങള്‍. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ റാലിയില്‍ തന്നെ ജനങ്ങള്‍ തങ്ങളോടൊപ്പമില്ലെന്ന് ബി ജെ പി നേതാക്കള്‍ക്ക് ബോധ്യമായി. പരിഹാര ദൗത്യത്തിന്റെ ഭാഗമായി കിരണ്‍ ബേദിയെ കെട്ടിയിറക്കി. വലിയ പ്രതീക്ഷയോടെ കേന്ദ്രത്തില്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചിട്ടും ജനങ്ങളെ മറന്നുകൊണ്ട് ഒരു വിഭാഗം ആളുകളെ മാത്രം താലോലിച്ച് കൊണ്ട് സൃഷ്ടിച്ച കര്‍മ പദ്ധതികളെ മഹാ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞു. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണം നടന്നപ്പോഴും സംഘപരിവാര്‍ സംഘടനകള്‍ ഘര്‍വാപസി എന്ന പേരില്‍ മറ്റുമതങ്ങളെ അപഹസിച്ചപ്പോഴും മൗനം പാലിച്ച പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്തുവെന്ന് പലരും വിലയിരുത്തുന്നു. മറ്റൊന്ന് ആം ആദ്മി പാര്‍ടിയുടെ പ്രകടന പത്രികയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രകടന പത്രികയാണ് അവര്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. അതേ സമയം, ബി ജെ പിക്ക് ഒരു പ്രകടന പത്രികപോലും ഇറക്കാന്‍ കഴിഞ്ഞില്ല. ആര്‍ എസ് എസിന്റെ കേഡര്‍ പ്രവര്‍ത്തനത്തിലൂടെ എന്തും സാധ്യമാകുമെന്ന മൂഢ വിശ്വാസമാണ് തകര്‍ന്നുപോയത്. ജനങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. അവസരം വരുമ്പോള്‍ അവര്‍ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളെ പാഠം പഠിപ്പിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ബി ജെ പി ഇത്രത്തോളം പതനത്തിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഭൂരിപക്ഷ സമുദായത്തിലെ മുന്നാക്ക വിഭാഗങ്ങള്‍ എല്ലാതിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വോട്ടുചെയ്തിരുന്നു. അവര്‍ പോലും കയ്യൊഴിഞ്ഞു. ഡല്‍ഹി നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ കക്ഷികളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പരമ്പരാഗത മുദ്രാവാക്യങ്ങള്‍ കൊണ്ടും കപട നിലപാടുകള്‍കൊണ്ടും ജനങ്ങളെ വിഢ്ഢികളാക്കാന്‍ കഴിയില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജനങ്ങളുടെ ചുവരെഴുത്ത് വായിക്കണം. ആം ആദ്മി പാര്‍ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് ആം ആദ്മി പാര്‍ടിയുടെ പ്രവര്‍ത്തകനും അജ്മാനില്‍ എന്‍ജിനീയറുമായ അസീസ് ദാസ് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റതിരിച്ചടി ഞങ്ങളെ ചിന്തിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യഭരിക്കാന്‍ അര്‍ഹതയുള്ള കക്ഷിയല്ലെന്ന് ജനങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. അത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ഭരണം ലഭിക്കുമെന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ കൂടെ നിന്നാല്‍ മാത്രമെ വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. കോര്‍പറേറ്റുകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാത്രമല്ല. സാധാരണക്കാരെ വിഡ്ഢികളാക്കുന്ന നിലപാടാണ് കോര്‍പറേറ്റുകളും ബി ജെ പി നേതൃത്വവും ചേര്‍ന്ന് നടത്തിയത്. അത് ജനങ്ങള്‍ ആം ആദ്മി പാര്‍ടിയുമായി പങ്കുവെച്ചിട്ടുണ്ട്. അഴിമതി രഹിതമായ ഭരണമാണ് ആം ആദ്മി പാര്‍ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കജ്‌രിവാള്‍ പ്രാപ്തനായ നേതാവാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ അത്ഭുദം കാണിക്കും. അസീസ് ദാസ് പറയുന്നു.
ഇനി പഞ്ചാബ് നിയമ സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആം ആദ്മി പാര്‍ടിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതാണ് ഉറ്റുനോക്കുന്നത്. പഞ്ചാബിലും എ എ പിക്ക് വേരുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. കേരളത്തില്‍ ഇടത് വലത് ധ്രുവീകരണം ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതാണ് എ എ പി നേരിടുന്ന വെല്ലുവിളി. അത് കൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടിക്കോ ബി ജെ പിക്കോ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, ഡല്‍ഹി വിജയത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയില്‍ സര്‍വവ്യാപിയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏതളവില്‍ എന്നതില്‍ മാത്രമെ സന്ദേഹമുള്ളു.