യു എ ഇ എക്‌സ്‌ചേഞ്ചും ഐ സി ഐ സി ഐ ബാങ്കും ഫഌഷ് മെറിറ്റ് കരാര്‍

Posted on: February 11, 2015 7:00 pm | Last updated: February 11, 2015 at 7:39 pm

ദുബൈ: യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യയിലെ ഐ സി ഐ സി ഐ ബേങ്ക് ശാഖകളിലൂടെ നാട്ടിലേക്ക് തല്‍സമയ പണം കൈമാറ്റം സാധ്യമാക്കാന്‍ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംവിധാനമൊരുങ്ങി. ഫഌഷ് മെറിറ്റ് വഴിയാണിത്.
റെമിറ്റന്‍സ് സംവിധാനത്തിലൂടെ ലോകത്ത് ഏറ്റവുമധികം പണം കൈപ്പറ്റുന്ന രാജ്യമാണ് ഇന്ത്യയെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി സി ഇ ഒ പ്രമോദ് മങ്ങാട്ട് ചൂണ്ടിക്കാട്ടി. ഐ സി ഐ സി ഐ ബേങ്കും യു എ ഇ എക്‌സ്‌ചേഞ്ചും ചേര്‍ന്നുള്ള ‘ഫഌഷ് റെമിറ്റ് ‘ സംവിധാനത്തിലൂടെ ഇന്ത്യയില്‍ ഐ സി ഐ സി ഐ ബേങ്കിന്റെ 3800 ശാഖകളില്‍ ഏതിലേക്കും യു എ ഇയിലെ ഇടപാടുകാര്‍ക്ക് തല്‍സമയ അക്കൗണ്ട് ക്രെഡിറ്റ് സംവിധാനത്തോടെ സുരക്ഷിതമായി പണം അയക്കാന്‍ വഴിയൊരുക്കുന്ന പദ്ധതിക്കാണ് ധാരണയായിട്ടുള്ളത്.
പത്തു വര്‍ഷത്തോളമായി ആഗോള തലത്തില്‍ 15 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ക്കു സേവനം നല്‍കിവരുന്നതിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് റെമിറ്റന്‍സ് രംഗത്തെ ഏറ്റവും നൂതനമായ സാങ്കേതിക പ്രവണതകള്‍ സമന്വയിക്കുന്ന ഫഌഷ് റെമിറ്റിനു രൂപഭാവങ്ങളേകിയിട്ടുള്ളതെന്ന് ഐ സി ഐ സി ഐ ബേങ്ക് പ്രസിഡന്റ് വിജയ് ചാന്ദോക്ക് പറഞ്ഞു. ഇതനുസരിച്ച് യു എ ഇയിലെ ഐ സി ഐ സി ഐ ബേങ്ക് ശാഖയിലൂടെ പണം അയക്കുന്ന സമയം തന്നെ അയക്കുന്നയാള്‍ക്കും ഗുണഭോക്താവിനും പ്രസക്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എസ് എം എസ് ലഭിക്കും. തുടര്‍ന്ന് നാട്ടിലെ ശാഖയില്‍ നിന്നു തുക കൈപ്പറ്റാം. ഫഌഷ് റെമിറ്റ് സംവിധാനം 365 ദിവസവും രാപകല്‍ ഭേദമെന്യേ സജീവമായിരിക്കും.