Connect with us

Palakkad

ജാതിമത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ നേതൃ സ്ഥാനത്തു നിന്ന് ഒഴിവാക്കണം: കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ്

Published

|

Last Updated

പാലക്കാട്: കോണ്‍ഗ്രസിന്റെ നയരൂപീകരണ പ്രക്രിയയുമായുടെ ഭാഗമായി അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി പാലക്കാട്ട് നടന്ന മുഖാമുഖം പരിപാടി പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചു. രാവിലെ ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുഖാമുഖം പരിപാടി നടന്നത്. പാര്‍ട്ടി ചട്ടക്കൂട്ടില്‍ വരുത്തേണ്ട മാറ്റങ്ങളും അതിന്റെ ആവശ്യകതയും നേതാക്കള്‍ക്ക് തുറന്നുപറയാനുള്ള വേദി കൂടിയായി ലീഡേഴ്‌സ് മീറ്റ്.
പ്രവാസികള്‍ക്ക് വോട്ടവകാശം തുടങ്ങി താഴെതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വരെ നേതാക്കള്‍ മുതിര്‍ന്ന നേതാക്കളുമായി പങ്കുവെച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ അന്യദേശങ്ങളില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഭാരവാഹിത്വം അഞ്ചുവര്‍ഷമായി നിജപ്പെടുത്തണം. ആരോപണവിധേയരായവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കുകയും വേണം. ഹിന്ദു സമുദായത്തെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നു#ം ഇത് പാര്‍ട്ടി ഗൗരവമായി കാണണമെന്നും ആവശ്യമുയര്‍ന്നു.
ജാതി അടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും പാര്‍ട്ടിയില്‍ സംവരണം പാടില്ല. കഴിവും പ്രാപ്തിയും ഉള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുകയും വേണം. വനിതകള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും ചിലരുടെ ഇടപെടലുകള്‍ ഇതില്‍ പാടില്ലെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് തന്നെ പറഞ്ഞു. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിമതികളില്‍ ഇടപെടുന്നുണ്ടെങ്കില്‍ അതു തുടച്ചുനീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കര്‍ഷകരെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും ദേശീയതലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് കര്‍ഷക സംഘടനയില്ലെന്നും ഇതിന് മുന്‍കൈ എടുക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കുറെക്കൂടി ഊര്‍ജ്ജ്വസ്വലമാവണം. ഇതിലൂടെ ജനവിശ്വാസമുള്ള നേതാക്കളെ വാര്‍ത്തെടുക്കാന്‍ കഴിയും. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടാക്കുവാന്‍ കഴിയുമെന്നും ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി. ഇതിനു പുറമെ മണ്ഡലംതലത്തില്‍ തന്നെ പാര്‍ട്ടി ഓഫീസുകള്‍ക്കും രൂപം നല്‍കണം.
കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാവാന്‍ പാടില്ല. ദേശീയ നേതാക്കളുടെ ജനന-മരണദിനങ്ങള്‍ വഴിപാടായി മാറിപ്പോവരുതെന്നും അഭിപ്രായം ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ ഏകോപനം ഉണ്ടാവണം. ജനപ്രതിനിധികളില്‍ പലരും പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Latest