Connect with us

Palakkad

നെന്മാറ, അയിലൂര്‍ പഞ്ചാത്തുകളില്‍ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായില്ല

Published

|

Last Updated

കൊല്ലങ്കോട്: നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പോത്തുണ്ടിയില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിക്ക് ഇനിയും ആരംഭമായില്ല. ഇതോടെ ഇക്കുറിയും വേനലില്‍ പദ്ധതി പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നു.
29 കോടി രൂപയുടെ പദ്ധതിയില്‍ 11.50 കോടി രൂപ അനുവദിച്ചിട്ടും പണി ഇനിയും ആരംഭിക്കാത്തതാണു നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തുന്നത്. പോത്തുണ്ടിയില്‍ ജല അതോറിറ്റിയുടെ സ്വന്തം സ്ഥലത്ത് 150 ലക്ഷം ലീറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള ശുദ്ധീകരണ ശാല നിര്‍മിച്ച് അവിടെ നിന്ന് നെന്മാറ ജലസംഭരണി വരെ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് ഒന്നാം ഘട്ടത്തില്‍ ചെയ്യുന്നത്.
രണ്ടാം ഘട്ടമായി അയിലൂര്‍ പഞ്ചായത്തിലെ അടിപ്പെരണ്ട തറഭാഗത്തും മേലാര്‍കോട് പഞ്ചായത്തിലെ ചിറ്റിലഞ്ചേരി കടമ്പിടിഭാഗത്തും പുതിയ സംഭരണി നിര്‍മിച്ച് പൈപ്പുകള്‍ സ്ഥാപിക്കുകയുമാണു ചെയ്യുന്നത്. ഒന്നാം ഘട്ട പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായതായി പറയുന്നു. പണി ഇനി തുടങ്ങിയാല്‍ തന്നെ പൂര്‍ത്തിയാവണമെങ്കില്‍ ഒന്നര വര്‍ഷത്തോളം എടുക്കുമെന്നു പറയുന്നു. ഇതോടെ ഈ വേനലിലും അടുത്ത വേനലിലും നാട്ടുകാര്‍ക്കു കുടിവെള്ള ക്ഷാമം രൂക്ഷമാവുമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 1985 ഏപ്രിലില്‍ പോത്തുണ്ടി പദ്ധതി ആരംഭിക്കുമ്പോള്‍ 1970 മുതല്‍ 30 വര്‍ഷത്തേക്കു വരുന്ന ജനസംഖ്യയുടെ വര്‍ധനയും വെള്ളത്തിന്റെ ആവശ്യവും കണക്കിലെടുത്താണു പദ്ധതി ആരംഭിച്ചത്.———————— ഒരാള്‍ക്ക് 40 ലീറ്റര്‍ വെള്ളം കണക്കാക്കി പ്രതിദിനം 45 ലക്ഷം ലീറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള സംഭരണി പോത്തുണ്ടിയില്‍ നിര്‍മിക്കുകയും ഏഴര ലക്ഷം ലീറ്റര്‍ ശേഷിയുള്ള സംഭരണി നെന്മാറയിലും നാല് ലക്ഷം ലീറ്റര്‍ ശേഷിയുള്ള സംഭരണി കോളജിനു സമീപവും നിര്‍മിച്ചു. എന്നാല്‍ 2000 മുതല്‍ 2014 വരെയുണ്ടായ ജനസംഖ്യ വര്‍ധന കണക്കിലെടുത്തിരുന്നില്ല.
പുതിയ പദ്ധതി വരുന്നതോടെ ഒരാള്‍ക്ക് 70 ലീറ്റര്‍ വെള്ളം നല്‍കാന്‍ കഴിയുന്ന വിധത്തിലാണു വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടം പണികള്‍ തന്നെ ഇനിയും ആരംഭിച്ചിട്ടില്ല. രണ്ടാം ഘട്ട പണികള്‍ ഇനി എന്നു തുടങ്ങുമെന്നും അറിയില്ല. നാട്ടുകാരാകട്ടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യും.

Latest