Connect with us

Malappuram

സ്‌കൂള്‍ കുട്ടികളെ അഗ്‌നിശമനസേന നീന്തല്‍ പഠിപ്പിക്കും

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികളെ അഗ്നി ശമന സേന നീന്തല്‍ പഠിപ്പിക്കാനൊരുങ്ങുന്നു. പാഠ പുസ്തകത്തോടൊപ്പം കുട്ടികള്‍ക്കിനി നീന്തിയും പഠിക്കാം.

വര്‍ഷകാല അപകടങ്ങളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ജലരക്ഷ പദ്ധതി മുഖേനയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളെ അഗനിശമന സേനയുടേ നേതൃത്വത്തില്‍ പഠിപ്പിക്കാനൊരുങ്ങുന്നത്. മലപ്പറത്ത് അടുത്ത ആഴ്ച തന്നെ പദ്ധതി തുടങ്ങും. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസാണ് ജലക്ഷാ പദ്ധതി ആവിഷ്‌കരിച്ചിട്ടുളളത്.
120 സ്‌കൂള്‍ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. ഒരു ഫയര്‍‌സ്റ്റേഷനില്‍ 24 കുട്ടികള്‍ എന്ന രീതിയില്‍ പൂര്‍ത്തീകരിക്കാനുദ്ദേശിക്കന്ന പദ്ധതിക്ക് 185, 000 രൂപ സര്‍ക്കാറില്‍ നിന്നും ലഭ്യമായിട്ടുണ്ട്. പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് പദ്ധതി. ലഭ്യമായ ഫണ്ട് വഴി പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പോഷകാഹാരങ്ങള്‍ വിതരണം ചെയ്യും. ആദ്യഘട്ടം പൂര്‍ത്തായിയാല്‍ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനായി തല്‍പരരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തില്‍ പെണ്‍കുട്ടികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് നീന്തലില്‍ കഴിവ് തെളിയിച്ച വനിതകളെ കണ്ടെത്തും. അധ്യായന വര്‍ഷം 25 പ്രവൃത്തി ദിവസങ്ങളില്‍ പരിശീലനത്തിന് മാറ്റിവെക്കും. പരിശീലനത്തിനായി ഫയര്‍‌സ്റ്റേഷന് സമീപം അപകട സാധ്യതയില്ലെന്ന് ഉറപ്പ് വരുത്തിയ ജലധാരകള്‍ കണ്ടെത്തും. മലപ്പുറത്ത് പൊടിയാട്ട് ക്വാറിയിലെ ആഴം കുറഞ്ഞ പ്രദേശത്തും കൂട്ടിലങ്ങാടി പാലത്തിന് സമീപം വെള്ളം കുറഞ്ഞ പ്രദേശവുമാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്.
ജില്ലാ ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമായിരിക്കും പരിശീലനം നല്‍കുക. ജലരക്ഷ പദ്ധതി പഠനത്തിനപ്പുറം ആരോഗ്യപരമായി സ്‌കൂള്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന മികച്ച പരിശീലനം കൂടിയാകും.