Connect with us

Malappuram

കല്ലാമൂല പുഴ തുരന്ന് ചെക്ക് ഡാം നിര്‍മാണം തുടങ്ങി

Published

|

Last Updated

കാളികാവ്: ചോക്കാട് കല്ലാമൂലയില്‍ മണലും കല്ലും പുഴയില്‍ നിന്ന് തന്നെ ശേഖരിച്ച് ചെക്ക് ഡാം നിര്‍മിക്കുന്ന പ്രവൃത്തി തുടങ്ങി. പുഴയിലെ പാറക്കൂട്ടം പൊട്ടിച്ചെടുത്താണ് ചെക്ക് ഡാം പണിയുന്നതിനുള്ള കരിങ്കല്ല് ശേഖരിക്കുന്നത്.
കല്ലാമൂല ഭജന മഠത്തിന് സമീപം കാലിക്കുണ്ടിലാണ് ചെക്ക്ഡാം നിര്‍മാണം തുടങ്ങിയിട്ടുള്ളത്. ഏതാനും ദിവസങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തിയെകുറിച്ച് നാട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. കംപ്രഷര്‍ ഉപയോഗിച്ചാണ് പാറപൊട്ടിക്കുന്നത്. നിരവധി ലോഡ് കരിങ്കല്ല് ഇതിനോടകം പുഴയില്‍ നിന്ന് കല്ല് പൊട്ടിച്ചെടുത്തിരിക്കുന്നത്. ഹാഡ പദ്ധതി ഉപയോഗിച്ചാണ് ചെക്ക് ഡാം നിര്‍മിക്കുന്നതെന്ന് ജോലിക്കാര്‍ പറഞ്ഞു.
അതേസമയം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. പുഴ തകര്‍ക്കാതെ പള്ളിക്കുന്ന് കാഞ്ഞിരംപാടം പ്രദേശത്തെ പാപ്പന്‍കുണ്ടിന് സമീപം ചെക്ക്ഡാം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയില്‍ വെള്ളം കുറഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ചെക്ക്ഡാം അനിവാര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പാപ്പന്‍കുണ്ടില്‍ പാലത്തോട് കൂടിയ ചെക്ക്ഡാം നിര്‍മിച്ചാല്‍ രണ്ട് പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണ്. പുഴ തുരന്ന് പാറക്കെട്ടുകള്‍ പൊട്ടിച്ചെടുക്കുന്നതോടെ മഴക്കാലമാകുമ്പോള്‍ കരകവിഞ്ഞൊഴുകാനും ഗതിമാറാനും സാധ്യതയുണ്ടെന്നും വേനലില്‍ കടുത്ത വരള്‍ച്ചയും സംഭവിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ചെറിയ ഒരു മഴപെയ്താല്‍ പോലും പുഴ ഗതിമാറുന്നതും കരകവിഞ്ഞൊഴുകുന്നതും പതിവായ പ്രദേശമാണ് കല്ലാമൂല പുഴയോരം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് പുഴയിലെ പാറക്കെട്ടുകളും മണ്ണും മണലും ചെക്ക് ഡാം നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.

Latest