Connect with us

Malappuram

പെരിന്തല്‍മണ്ണ നഗര വികസന സെമിനാര്‍: 8.39 കോടിയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം

Published

|

Last Updated

പെരിന്തല്‍മണ്ണ: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8.39 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പാക്കാന്‍ വികസന സെമിനാറില്‍ തീരുമാനിച്ചു. പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ 8,3892600 രൂപയുടെ പ്രവൃത്തികള്‍ നടപ്പിലാക്കാനാണ് തീരുമാനം.
പൊതുമരാമത്ത് റോഡ്, നഗരവികസന നഗരാസൂത്രണത്തിന് ഊന്നല്‍ നല്‍കി 35 കോടി രൂപയാണ് നീക്കിവെച്ചത്. ക്ഷേമപദ്ധതികള്‍ക്ക് 14.76 കോടി രൂപയും കുടിവെള്ളം, വൈദ്യുതി മേഖലയില്‍ 16.54 കോടി രൂപയും കൃഷിക്ക് ഒരു കോടിയും ആരോഗ്യ ശുചിത്വ മേഖലയില്‍ 4.37 കോടിയും ചെലവഴിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വനിതാ ക്ഷേമത്തിന് 66 ലക്ഷവും വൃദ്ധര്‍, ശിശു, വികലാംഗര്‍, ക്ഷേമത്തിന് 33 ലക്ഷവും പട്ടികജാതിക്കാര്‍ക്കായും യുവജന വികസനത്തിനും പതിനഞ്ചര ലക്ഷവും പാലിയേറ്റീവ് കെയര്‍, ക്രിമിറ്റോറിയം, മുതലായവക്ക് 66 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
സേവനം കാര്യക്ഷമമാക്കുന്നതിന് 63.25 ലക്ഷവും കൃഷി ജലസംരക്ഷണത്തിന് 40 ലക്ഷവും മൃഗ സംരക്ഷണത്തിന് 15 ലക്ഷവും വിദ്യാഭ്യാസം, ഹൈസ്‌കൂള്‍ വിഭാഗത്തിന് 45 ലക്ഷവും ഹയര്‍സെക്കന്‍ഡറിക്ക് 23 ലക്ഷവും ആരോഗ്യത്തിന് 51.25 ലക്ഷം, ദാരിദ്ര്യ ലഘൂകരണം പാര്‍പ്പിടം പദ്ധതികള്‍ക്കായി 1.30 കോടിയും സാമൂഹ്യക്ഷേമത്തിന് 8842 ലക്ഷവും മരാമത്ത്, കുടിവെള്ളം, വൈദ്യുതി പ്രവൃത്തികള്‍ക്ക് 3.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. വര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം പദ്ധതി രേഖ അവതരിപ്പിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് സി നടരാജ് വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി രമേശന്‍, എം എം സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ താമരത്ത്, വെള്ളാട്ട് മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ ശ്രീധരന്‍ സ്വാഗതവും പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ മുരളി ഓച്ചിറ നന്ദിയും പറഞ്ഞു.
ഇതോടെ സമയബന്ധിതമായി വാര്‍ഡ് സഭകളും സെമിനാറുകളും നടത്തി. പദ്ധതി രേഖ ഈ മാസം 28ന് മുമ്പ് സമര്‍പ്പിക്കുന്ന സംസ്ഥാനത്തെ ആദ്യനഗരസഭയായി പെരിന്തല്‍മണ്ണ മാറും. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ രണ്ടാം സ്ഥാനവും നടപ്പ് പദ്ധതി കാലത്ത് ഇതുവരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് നഗരസഭ ഒന്നാമതാണ്.

Latest