Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം ബോധപൂര്‍വം വൈകിപ്പിച്ചുവെന്ന രീതിയില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കലക്ടര്‍ സി എ ലത. ജില്ലയില്‍ നടക്കുന്ന മറ്റ് ലാന്‍ഡ് അക്വിസിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അതേപ്രാധാന്യം ഈ റോഡ് വികസനത്തിന്റെ കാര്യത്തിലും നല്‍കിയിട്ടുണ്ട്. 2500ലേറെ വരുന്ന വസ്തു ഉടമകളുമായി ചര്‍ച്ച നടത്തി വിലനിര്‍ണയിക്കുകയെന്ന ശ്രമകരമായ ജോലി പൂര്‍ത്തിയാക്കിയ ശേഷം ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും 580 കോടി രൂപ ആവശ്യമായി വരുമെന്നു സര്‍ക്കാറിനെ അറിയിച്ചതാണ്.
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എട്ട് കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 7.3 ഹെക്ടര്‍ ഭൂമിയെ ആറ് റീച്ചുകളായി തിരിച്ച് വില നിര്‍ണയം നടത്തിയത്. പണം ലഭിക്കുന്നതിനനുസരിച്ച് ഓരോ റീച്ച് വീതം ഏറ്റെടുക്കാന്‍ എളുപ്പമാകും എന്നതിനാലാണത്. നിലവിലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതില്‍ സ്വാഭാവികമായും വരുന്ന കാലതാമസം മാത്രമേ മാനാഞ്ചിറ- വെള്ളിമാടുകുന്ന റോഡ് വികസനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. ആവശ്യമായ ഫണ്ട് ലഭിക്കുന്ന മുറക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ യാതൊരു തടസ്സവുമില്ല.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് നിശ്ചിത ഫോറത്തിലായിരുന്നില്ലെന്ന ആരോപണവും ശരിയല്ല. ഭൂമി ഏറ്റെടുക്കാനുള്ള ഫണ്ട് കൈവശമുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ജനുവരി 29ന് ലഭിച്ച കത്തിന് പിറ്റേദിവസം തന്നെ ആ വിവരങ്ങളുള്‍പ്പെടുത്തി മറുപടി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ഏറ്റെടുത്തില്ലെന്ന വാദത്തിലും അര്‍ഥമില്ല. സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കല്‍ പ്രക്രിയക്കു കീഴില്‍ വരുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ കാര്യത്തില്‍ കൈമാറ്റം മാത്രമേ ആവശ്യമുള്ളൂ. മറ്റ് എതിര്‍പ്പുകളൊന്നും വരാനിടയില്ലാത്ത ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ല. ജില്ലയില്‍ നഗര റോഡ് വികസന പദ്ധതിയില്‍പ്പെട്ട മറ്റ് ആറ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ട്. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഒന്നും നടന്നിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ നിയമപരമായ നടപടിക്രമങ്ങള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് യഥാസമയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്. പ്രവൃത്തികള്‍ അനിശ്ചിതമായി നീളുന്നതുമായി ബന്ധപ്പെട്ട് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേക അജന്‍ഡയായാണ് ചര്‍ച്ച ചെയ്യകയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കാലഹരണപ്പെടുന്നത് ഒഴിവാക്കുക, ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് കാര്യത്തില്‍ തീരുമാനമെടുക്കുക, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി തഹസില്‍ദാറെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ക്യാബിനറ്റില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
റോഡ് വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റവന്യൂ മന്ത്രി, ധനകാര്യ സെക്രട്ടറി, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അടുത്തയാഴ്ച തിരുവനന്തപുരത്ത് അവലോകന യോഗം ചേരുമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ പദ്ധതി സ്‌പെഷ്യല്‍ ഓഫീസര്‍ സാബു കെ ഫിലിപ്പ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) സി മോഹനന്‍, കെ ആര്‍ എഫ് ബി പ്രൊജക്ട് മാനേജര്‍ പി എന്‍ ശശികുമാര്‍, സി ആര്‍ ഐ പി കോഡിനേറ്റര്‍ ലേഖ, എന്‍ എച്ച് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇഖ്ബാല്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല, ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കുട്ടിക്കാന, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍, സിറാജ് വെള്ളിമാട്കുന്ന്, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest