Connect with us

Kozhikode

ഹരിതാമൃതം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

വടകര: മഹാത്മ ദേശസേവ ട്രസ്റ്റ്, കേരള ജൈവ കര്‍ഷക സമിതി, തപോവനം കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹരിതാമൃതം 2015ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13 മുതല്‍ 17 വരെ വടകര ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയിലൂടെ കാര്‍ഷിക മേഖലയില്‍ സാമൂഹിക ഇടപെടല്‍ സാധ്യമാക്കുക, കാര്‍ഷിക പരിസ്ഥിതി സംരക്ഷണത്തില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഉദ്ഘാടനം 13ന് വൈകീട്ട് മൂന്ന് മണിക്ക് റിട്ട. കൃഷി വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഹീര നെട്ടൂര്‍ നിര്‍വഹിക്കും. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരം 16ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി കെ പി മോഹനന്‍ വിതരണം ചെയ്യും. ജൈവ കാര്‍ഷിക ഔഷധ സസ്യ പരമ്പരാഗത ചെറുകിട കുടില്‍ വ്യവസായങ്ങളുടെ വില്‍പ്പന സ്റ്റാളുകളും ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.
14, 15, 16 തീയതികളില്‍ കൊച്ചി തപോവനം ഡയറക്ടര്‍ മനേഷ് മങ്ങാടിന്റെ നേതൃത്വത്തില്‍ മൈഗ്രേയ്ന്‍, സൈനസെറ്റിസ്, തലവേദന നിവാരണ ക്യാമ്പ് 14ന് മൂന്ന് മണിക്ക് ജില്ലാ ജൈവ കര്‍ഷക കണ്‍വെന്‍ഷനും 15ന് പാരമ്പര്യ വൈദ്യ സമ്മേളനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന്‍, ചെയര്‍മാന്‍ പി പി ദാമോദരന്‍, വിനോദ് ചെറിയത്ത് പങ്കെടുത്തു.
മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരത്തിന് ഏറാമല കണ്ണമ്പ്രത്ത് പ്രകൃതി കൃഷി കേന്ദ്രത്തിന്റെ ഉടമ കണ്ണമ്പ്രത്ത് പത്മനാഭന്‍ അര്‍ഹനായി.

Latest